ശാരീരിക പരിമിതകളുള്ളവരെ സഹായിക്കുന്നതിനായി ആപ്പിള്‍ പുതിയ ചില ഫീച്ചറുകളുമായി എത്തുന്നു. വീഡിയോകളിലെ ലൈവ് കാപ്ഷന്‍ ഫീച്ചറാണ് അതിലൊന്ന്. ഈ ഫീച്ചർ വഴി ഐഫോണുകള്‍, ഐപാഡുകള്‍, മാക്ക് കംപ്യൂട്ടറുകള്‍ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളില്‍ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്ക്രീനില്‍ കാണാൻ സാധിക്കും.
പുതിയ സൗകര്യം കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്പെടും. ഫേസ് ടൈം കോളുകള്‍, സ്ട്രീമിങ് സേവനങ്ങള്‍, മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ എന്നിവയിലെല്ലാം ഈ സംവിധാനം ഉപയോഗിക്കാമെന്നാണ് റിപ്പോർട്ട്.
നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സമാനമായൊരു ഫീച്ചര്‍ ലഭ്യമാണ്. പുതിയ ഫീച്ചര്‍ ഈ വര്‍ഷം അവസാനത്തോടെ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.






