ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം പുതുതലമുറ RC390 പ്രീമിയം സ്പോർട്സ് ബൈക്കിനെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. 3.14 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില എന്നാണ് റിപ്പോർട്ട്.
RC 390 മോഡലിന് ഇപ്പോൾ RC 125, RC 200 എന്നിവ പോലെ ഒരു സിംഗിൾ-പീസ് ഹെഡ്ലാമ്പ് സജ്ജീകരണം നൽകിയിരിക്കുന്നു. വലിയ ഫ്രണ്ട് വിൻഡ്സ്ക്രീനും കൂടുതൽ മസ്കുലർ ഫ്യുവൽ ടാങ്കും, സംയോജിത എൽഇഡി ഡിആർഎല്ലുകളും സൈഡ് എൻകാസിംഗുകളിൽ ടേൺ ഇൻഡിക്കേറ്ററുകളും എല്ലാം മോട്ടോർസൈക്കിളിന് കൂടുതൽ സ്റ്റൈൽ നൽകുന്നു. പുനർരൂപകൽപ്പന ചെയ്ത ബോഡി വർക്ക്, ഷാർപ്പർ റിയർവ്യൂ മിററുകൾ, ടു പീസ് ഫ്രണ്ട് ഫെൻഡർ, പുതുക്കിയ ബോഡി ഗ്രാഫിക്സ്, എന്നിവയാണ് പുതുതലമുറ RC390 മോട്ടോർസൈക്കിളിന്റെ മറ്റ് വിശേഷങ്ങൾ.
ബൈക്കിന് ഭാരം 155 കിലോഗ്രാമാണ്. 373.27 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് പെട്രോൾ എഞ്ചിനാണ് പുതിയ കെടിഎം RC 390 മോട്ടോർസൈക്കിളിന്റെ കരുത്ത്. എഞ്ചിൻ 7,000 rpm-ൽ 43 bhp കരുത്തിൽ 37 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.






