ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു പുതിയ i4 ഇലക്ട്രിക് സെഡാനെ ഔദ്യോഗികമായി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിച്ചു. i4 ഇലക്ട്രിക് സെഡാന് പൂര്‍ണ്ണമായി ലോഡുചെയ്ത ഒരു വേരിയന്റിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. 69.90 ലക്ഷം രൂപയാണ് eDrive40 എന്ന വേരിയന്റിന്റെ എക്സ്ഷോറൂം വില.
ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണിത്. 2021 ഡിസംബറില്‍ iX ഇലക്ട്രിക് എസ്യുവിയും 2022 മാര്‍ച്ചില്‍ മിനി ഇലക്ട്രിക്കും പുറത്തിറക്കിയിരുന്നു. റിപ്പോർട്ട് പ്രകാരം ഒറ്റ ചാര്‍ജില്‍ 590 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇലക്ട്രിക് വാഹനമാണ് ബിഎംഡബ്ല്യു i4. ഇന്ന് മുതല്‍ പുതിയ i4-ന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുമെന്നും, 2022 ജൂലൈ ആദ്യം ഡെലിവറി ആരംഭിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത് എന്നാണ് സൂചന.
5.7 സെക്കന്‍ഡിനുള്ളില്‍ കാറിന് 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സാധിക്കും. ഇലക്ട്രിക് മോട്ടോര്‍, പവര്‍ ഇലക്ട്രോണിക്സ്, സിംഗിള്‍ സ്പീഡ് ട്രാന്സ്മിഷന് എന്നിവയാല്‍ പ്രവര്‍ത്തിക്കുന്ന ഒരൊറ്റ ഹൗസിംഗിനുള്ളില്‍ സംയോജിത ഡ്രൈവ് യൂണിറ്റ് ഫീച്ചര്‍ ചെയ്യുന്ന അഞ്ചാം തലമുറ ബിഎംഡബ്ല്യു ഇ ഡ്രൈവ് സാങ്കേതികവിദ്യയുമായാണ് i4 വരുന്നത്. ഇലക്ട്രിക് മോട്ടോറിന് 335 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കാനും കഴിയും.






