
കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന മുബൈയിലെ ബാന്ദ്ര എന്ന തുറമുഖപട്ടണത്തിലെ പാലി ഹില്ലിലെ ഫ്ളാറ്റിലിരിക്കുന്നത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ഗേളിയാണ്. ഫാസില്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നദിയാ മൊയ്തു... ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലൂടെ വന്ന് കണ്ട് കീഴടക്കി മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ കലാകാരി. വര്‍ഷങ്ങള്‍ക്കിപ്പുറവും നദിയ വെള്ളിത്തിരയില്‍ സജീവമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമായപ്പോള്‍ നദിയയെ സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം സ്നേഹിക്കുന്നു, മനസ്സു തുറന്ന് കാത്തിരിക്കുന്നു, ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. മമ്മൂട്ടിയോടൊപ്പം ‘ശ്യാമ’യില്‍ ഹൃദയം കീഴടക്കിയ നദിയ ‘ഭീഷ്മപര്വ്വ’ത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായ ഫാത്തിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. നദിയ മനസ്സു തുറക്കുകയാണ്, കടന്നു വന്ന വഴികളെക്കുറിച്ച്, പുത്തന്‍ തലമുറയെക്കുറിച്ച്, ഇപ്പോഴത്തെ സിനിമാമേഖലയെക്കുറിച്ച്, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച്... വായിക്കാം മംഗളം ഓണ്‍ലൈനിലൂടെ....
സിനിമ ഹിറ്റായി മാറുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അമല്‍ നീരദിന്റെ സിനിമ, മമ്മൂക്കയടക്കം ഒരുപാട് കാലിബറുള്ള നടീ-നടന്മാരുടെ ഒരു നീണ്ട നിര, ആനന്ദിന്റെ ക്യാമറ എന്നിങ്ങനെയുള്ള ഒരുപാട് നല്ല എലമെന്റ്സ് ഉള്ളതു കൊണ്ട് സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് അറിയാമായിരുന്നു. സുശിന്‍ ശ്യാമിന്റെ നല്ല മ്യൂസിക്കും കൂടിയായപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ട എല്ലാമതില്‍ ഉണ്ടായി. അതുകൊണ്ട് സിനിമയുടെ വിജയം പ്രതീക്ഷിച്ചതാണ്. ഒരുപാട് സ്ക്രീന്‍ സ്പേസ് ഇല്ലെങ്കില്‍ കൂടി ഒരു പ്രത്യേകതയുള്ള കഥാപാത്രമാണതില്‍ ഫാത്തിമ. കഥാപാത്രം നല്ല കാമ്പുള്ളതാണ്. എന്നെ കാസ്റ്റു ചെയ്തപ്പോള്‍ പറഞ്ഞതും അതാണ്. എന്തെങ്കിലുമൊരു പ്രാധാന്യമില്ലെങ്കില്‍ വെറുതെ വന്നു പോകുന്ന കഥാപാത്രമാണെങ്കില്‍ ഞാനും ചിലപ്പോള്‍ വേണ്ടെന്നു വച്ചേനേം. ഇതിപ്പോള്‍ അങ്ങനെയല്ല. ആ സിനിമയില്‍ ഫാത്തിമയ്ക്കും പ്രാധാന്യമുണ്ട്. പിന്നെ ഇപ്പോഴത്തെ താരങ്ങള്‍ക്കൊപ്പം, പുതിയ തലമുറയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് നല്ലൊരു എക്സ്പീരിയന്‍സായിരുന്നു.
എന്നെ സംബന്ധിച്ച് അവരുടെ ആക്ടിംഗ് കണ്ടു പഠിക്കുക എന്നത് മാത്രമായിരുന്നില്ല പുതുമയുള്ള കാര്യമായത്. വേറെ ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്ന് അഡാപ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. അവര്‍ പരസ്പരം ഇടപെടുന്നതും സംസാരിക്കുന്നതും ഒക്കെ എന്നെ സംബന്ധിച്ച് പാഠങ്ങളായിരുന്നു. സെറ്റില്‍ വളരെ ജോളിയായ അവരെല്ലാവരും പ്രായം കൊണ്ട് സീനിയറായ എന്നെയും കൂടെ കൂട്ടിയത് വളരെ സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ട് ജനറേഷന് ഗ്യാപ്പ് അല്ലെങ്കില്‍ പ്രായക്കൂടുതല്‍ എന്നൊന്നും തോന്നിയില്ല. ഈ സിനിമയിലുള്ള സൗബിന് , ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന് എന്നിങ്ങനെ ഒട്ടുമിക്ക അഭിനേതാക്കളും എസ്റ്റാബ്ലീഷ്ഡ് ആക്ടേഴ്സ് എന്നു മാത്രമല്ല മികച്ച ക്രാഫ്റ്റ്മേക്കേഴ്സ് കൂടിയാണ്. മള്‍ട്ടി ടാലന്റ്ഡായ ഇവരെല്ലാവരും സിനിമയെ വളരെ സീരിയസ്സായി കാണുന്നവരാണ്. അവരുടെ ഇടയിലേക്ക് എന്നെയും കൂട്ടിയത് സന്തോഷമുള്ള കാര്യമാണ്. കോവിഡിന്റെ കാലത്ത് OTT വഴി ഇവരുടെ സിനിമകളൊക്കെ ഞാന്‍ കണ്ടിരുന്നു, ഫോളോ ചെയ്തിരുന്നു. അവരുമായി സഹകരിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്.
38 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗേളിയായി മലയാളസിനിമയിലെത്തി, ഇപ്പോഴിതാ ഫാത്തിമയായി വീണ്ടും പ്രേക്ഷകഹൃദയം കീഴടക്കുന്നു... ‘ഭീഷ്മപര്വ്വ’ത്തെക്കുറിച്ച് പറഞ്ഞാല്‍ ?
സിനിമ ഹിറ്റായി മാറുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അമല്‍ നീരദിന്റെ സിനിമ, മമ്മൂക്കയടക്കം ഒരുപാട് കാലിബറുള്ള നടീ-നടന്മാരുടെ ഒരു നീണ്ട നിര, ആനന്ദിന്റെ ക്യാമറ എന്നിങ്ങനെയുള്ള ഒരുപാട് നല്ല എലമെന്റ്സ് ഉള്ളതു കൊണ്ട് സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് അറിയാമായിരുന്നു. സുശിന്‍ ശ്യാമിന്റെ നല്ല മ്യൂസിക്കും കൂടിയായപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ട എല്ലാമതില്‍ ഉണ്ടായി. അതുകൊണ്ട് സിനിമയുടെ വിജയം പ്രതീക്ഷിച്ചതാണ്. ഒരുപാട് സ്ക്രീന്‍ സ്പേസ് ഇല്ലെങ്കില്‍ കൂടി ഒരു പ്രത്യേകതയുള്ള കഥാപാത്രമാണതില്‍ ഫാത്തിമ. കഥാപാത്രം നല്ല കാമ്പുള്ളതാണ്. എന്നെ കാസ്റ്റു ചെയ്തപ്പോള്‍ പറഞ്ഞതും അതാണ്. എന്തെങ്കിലുമൊരു പ്രാധാന്യമില്ലെങ്കില്‍ വെറുതെ വന്നു പോകുന്ന കഥാപാത്രമാണെങ്കില്‍ ഞാനും ചിലപ്പോള്‍ വേണ്ടെന്നു വച്ചേനേം. ഇതിപ്പോള്‍ അങ്ങനെയല്ല. ആ സിനിമയില്‍ ഫാത്തിമയ്ക്കും പ്രാധാന്യമുണ്ട്. പിന്നെ ഇപ്പോഴത്തെ താരങ്ങള്‍ക്കൊപ്പം, പുതിയ തലമുറയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് നല്ലൊരു എക്സ്പീരിയന്‍സായിരുന്നു.
മക്കള്‍, മരുമക്കള്‍, സഹതാരങ്ങള്‍ എന്നിവരെല്ലാം പുതു തലമുറയിലെ അഭിനേതാക്കളായിരുന്നല്ലോ. അവരുമായി അഭിനയിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ?
എന്നെ സംബന്ധിച്ച് അവരുടെ ആക്ടിംഗ് കണ്ടു പഠിക്കുക എന്നത് മാത്രമായിരുന്നില്ല പുതുമയുള്ള കാര്യമായത്. വേറെ ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്ന് അഡാപ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. അവര്‍ പരസ്പരം ഇടപെടുന്നതും സംസാരിക്കുന്നതും ഒക്കെ എന്നെ സംബന്ധിച്ച് പാഠങ്ങളായിരുന്നു. സെറ്റില്‍ വളരെ ജോളിയായ അവരെല്ലാവരും പ്രായം കൊണ്ട് സീനിയറായ എന്നെയും കൂടെ കൂട്ടിയത് വളരെ സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ട് ജനറേഷന് ഗ്യാപ്പ് അല്ലെങ്കില്‍ പ്രായക്കൂടുതല്‍ എന്നൊന്നും തോന്നിയില്ല. ഈ സിനിമയിലുള്ള സൗബിന് , ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന് എന്നിങ്ങനെ ഒട്ടുമിക്ക അഭിനേതാക്കളും എസ്റ്റാബ്ലീഷ്ഡ് ആക്ടേഴ്സ് എന്നു മാത്രമല്ല മികച്ച ക്രാഫ്റ്റ്മേക്കേഴ്സ് കൂടിയാണ്. മള്‍ട്ടി ടാലന്റ്ഡായ ഇവരെല്ലാവരും സിനിമയെ വളരെ സീരിയസ്സായി കാണുന്നവരാണ്. അവരുടെ ഇടയിലേക്ക് എന്നെയും കൂട്ടിയത് സന്തോഷമുള്ള കാര്യമാണ്. കോവിഡിന്റെ കാലത്ത് OTT വഴി ഇവരുടെ സിനിമകളൊക്കെ ഞാന്‍ കണ്ടിരുന്നു, ഫോളോ ചെയ്തിരുന്നു. അവരുമായി സഹകരിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്.

ന്യൂജെൻ അഭിനേതാക്കളുടെ അഭിനയ ശൈലി അല്പം വ്യത്യസ്തമാണ്, സൂക്ഷ്മമാണ്. അമല്‍ നീരദിന്റെ സംവിധാനം കൂടിയായപ്പോള്‍ സിനിമയിലെ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. മുതിർന്ന നടന്മാരായാലും പുതുമുഖങ്ങളായാലും കരിയറില്‍ വ്യത്യസ്തമായവ ചെയ്യാന്‍ അമല്‍ നീരദിന്റെ സെറ്റ് സഹായിക്കാറുണ്ട്. സിനിമാ നിർമ്മാണ ശൈലിയും വ്യത്യസ്തമായതു കൊണ്ട് വ്യത്യസ്ത തലമുറയിൽ നിന്നുള്ള ഞങ്ങളെപ്പോലുള്ള അഭിനേതാക്കളിൽ മാറ്റം കൊണ്ടുവരാന്‍ അമല്‍ നീരദ് ശ്രമിച്ചിരുന്നു. സെറ്റില്‍ ഒരുപാട് രസകരമായ നിമിഷങ്ങളുമുണ്ടായിരുന്നു. പിന്നെ ഇതില്‍ എന്റെ മകനായി വന്നത് സൗബിനാണ്. സൗബിന്റെ അച്ഛന് ബാബു സാഹിര്‍ നോക്കെത്താ ദൂരത്ത് കണ്ണു നട്ട് എന്ന സിനിമയിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായിരുന്നു. ഇങ്ങനെയുള്ള ചെറിയ ലിങ്കുകളും പരസ്പരമുള്ള ബോണ്ടിംഗിന് സഹായകമായി.
മലയാള സിനിമയില്‍ സ്ത്രീ അഭിനേതാക്കൾക്ക് പ്രധാന കഥാപാത്രങ്ങളോ പ്രധാന വേഷങ്ങളോ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നുണ്ടോ ?
എനിക്ക് തോന്നുന്നത് ഇപ്പോള്‍ ലോകം മുഴുവന്‍ അങ്ങനെയൊരു സാഹചര്യം ആണെന്നാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള നിരവധി സിനിമകൾ വന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷേ എപ്പോഴോ അത് നഷ്ടപ്പെട്ടു. പുരുഷ പ്രാധാന്യമുള്ള സിനിമാ മേഖലയാണ് നമ്മുടേത്. അങ്ങനെയാണെങ്കില്‍ കൂടി വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍ സ്ത്രീ അഭിനേതാക്കള്‍ക്ക് ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് വളരെ നല്ലതാണ്. അടുത്ത കാലത്ത് രസകരമായ ചില കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്, അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടര്‍ വിമണ്‍ എന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഒരു പ്രത്യേക വിഷയമാണതെന്നു മാത്രമല്ല ആ സിനിമയുടെ തിരക്കഥയും ആകർഷകമാണ്. സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമ. എനിക്കൊപ്പം നിത്യ മേനോന്, പാര്‍വ്വതി മേനോന്, ഹിന്ദിയിലെ അമൃത സുഭാഷ്, ആര്‍ട്ടിസ്റ്റ് രാധാ ഗോമതി എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെയുണ്ട്. വളരെ ജോളിയായ ഒരു കഥാപാത്രവും സെറ്റും ഒക്കെയായിരുന്നു അത്. ഇത്രയും സ്ത്രീകള്‍ ഉണ്ടായതു കൊണ്ട് കളിയും ചിരിയും ഒക്കെയായി വളരെ രസകരമായ സെറ്റായിരുന്നു.

തിരിച്ചുവരവില്‍ അത്തരമൊരു സിനിമയുടെ ഭാഗമാകാനും എനിക്ക് കഴിയുന്നുണ്ടല്ലോ. ഒരു ഫണ്‍ ഫില്‍ഡ് അന്തരീക്ഷം ഈ പ്രായത്തില്‍ കിട്ടിയാല്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. എന്നെ സംബന്ധിച്ച് ഇപ്പോള്‍ വ്യക്തി ജീവിതത്തില്‍ വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ല. മക്കള്‍ രണ്ടാളും ഇന്‍ഡിപെന്‍ഡന്റായി. അവരുടെ രീതിയില്‍ ജീവിതം ആസ്വദിക്കുന്ന സമയമാണ്. ഞാനും ഫ്രീയായി ലൈഫിനെ കാണുന്നു. അത്തരം കഥാപാത്രങ്ങള്‍ സിനിമയില്‍ കിട്ടുന്നതും നല്ലതാണ്. പല പ്രേക്ഷകര്‍ക്കും അവരുടെ മാതാപിതാക്കളെ ഇത്തരം സിനിമകള്‍ കാണിച്ചു കൊടുക്കാന്‍ കഴിയും. അതിനാൽ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളുള്ള കൂടുതൽ തിരക്കഥകളും സിനിമകളും ഇപ്പോൾ വരുന്നു. സത്യം പറഞ്ഞാല്‍ അതിന് OTT പ്ലാറ്റ്ഫോമുകള് വലിയ പങ്കു വഹിക്കുന്നുണ്ട്. പണ്ട് ടെലിവിഷനുകള്‍ സ്ത്രീകള്‍ക്ക് നല്ലൊരു സ്ക്രീന്‍ സ്പേസ് നല്‍കിയിരുന്നു. മിക്ക ടെലിവിഷന്‍ സീരിയലുകളിലും കേന്ദ്ര കഥാപാത്രങ്ങള്‍ സ്ത്രീകളായിരുന്നു. ടെലിവിഷന്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരുന്ന ആ സ്പേസ് ആണിപ്പോള്‍ OTT നല്‍കുന്നത്.
വ്യത്യസ്ത വിഷയങ്ങള്‍ മാത്രമല്ല, മാറ്റങ്ങളും അംഗീകരിക്കുന്ന പ്രേക്ഷകരുമാണ് ഇപ്പോഴുള്ളത്. കാരണം OTT വഴി ലോകം മുഴുവനുള്ള സിനിമകള്‍ നമുക്ക് മുന്നിലെത്തുന്നുണ്ട്. ഇന്ത്യയിലുള്ളവര്‍ അവരവരുടെ സംസ്ഥാനങ്ങളിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെയും സിനിമകള്‍ കാണുന്നു, അവിടുത്തെ സംസ്കാരങ്ങള്‍ മനസ്സിലാക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളും രീതികളുമായി പരിചിതത്വം ഉണ്ടാക്കുന്നു, മനസ്സിലാക്കുന്നു. ആ പരിചയം വന്നതു കൊണ്ട് മാറ്റങ്ങള്‍ അംഗീകരിക്കാനുള്ള മനസ്സ് പ്രേക്ഷകര്‍ക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് പതിവു ശൈലിയില്‍ നിന്ന് മാറി ഇന്ത്യയിലുള്ള തിരക്കഥാകൃത്തുകള്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ എഴുതാനുള്ള ധൈര്യം വന്നു. ഒരു ഉദാഹരണം പറഞ്ഞാല്‍ എന്റെ ഭര്‍ത്താവ് ഒരു മഹാരാഷ്ട്രക്കാരനാണ്. അദ്ദേഹം ഈ ലോക്ക്ഡൗണ്‍ സമയത്ത് കൂടുതല്‍ കണ്ടത് മലയാള സിനിമകളാണ്. മലയാളം സിനിമകള്‍ അദ്ദേഹം ചൂസ് ചെയ്യാന്‍ തുടങ്ങി. അങ്ങനെയൊരു അവബോധം എല്ലാവരിലും കൊണ്ടുവരാന്‍ OTT പ്ലാറ്റ്ഫോമുകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. സിനിമയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കാതെ സർഗ്ഗാത്മകതയ്ക്ക് മുൻഗണന നൽകുന്ന വ്യത്യസ്ത തിരക്കഥാകൃത്തുക്കൾക്ക് ഈ പ്ലാറ്റ്ഫോമുകൾ ഇടം നൽകുന്നു. മന്ദഗതിയിലാണെങ്കിലും സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സ്ക്രിപ്റ്റ് എഴുതുന്ന തിരക്കഥാകൃത്തുക്കളുണ്ട്. അതുകൊണ്ട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബോളിവുഡില്‍ ആ മാറ്റങ്ങള്‍ നേരത്തെ വന്നു കഴിഞ്ഞല്ലോ. സൗത്ത് ഇന്ത്യയില്‍ എന്തുകൊണ്ടാണ് ഈ മാറ്റങ്ങള്‍ക്ക് കാലതാമസമുണ്ടാകുന്നത് ?
എനിക്കറിയില്ല, സത്യത്തില്‍ മനസ്സിലാകുന്നില്ല അതിന്റെ ക്യത്യമായ കാരണമെന്താണെന്ന്. ബോളിവുഡില്‍ സ്ത്രീ പ്രാധാന്യമുള്ള നിരവധി സിനിമകൾ ഒരുങ്ങുന്നുണ്ട്. ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ ഇത് ഇപ്പോഴും ദൃശ്യമല്ല. അവബോധം ഇപ്പോഴുണ്ട്, മാറ്റം പതുക്കെയാണ് സംഭവിക്കുന്നത്. ആരെങ്കിലും ആ മാറ്റം കൊണ്ടുവന്നാല്‍ പ്രേക്ഷകരുമത് അംഗീകരിക്കും. സിനിമാ മേഖല എപ്പോഴും ട്രെന്‍ഡുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചലിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ സിനിമയിലെ ഗേളി കുസൃതികള്‍ ഏറെയുള്ള ഒരു പെണ്‍കുട്ടിയാണ്. അന്നത്തെ കാലത്ത് അത്തരമൊരു കഥാപാത്രത്തെ പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്ന റിസ്ക് ഏറ്റെടുത്തു തന്നെയാണ് ഫാസില്‍ അങ്കിള്‍ ആ സിനിമ ചെയ്തത്. അത്തരം റിസ്കുകള്‍ സംവിധായകരും തിരക്കഥാകൃത്തുകളും നിര്‍മ്മാതാക്കളുമൊക്കെ ഏറ്റെടുക്കാന്‍ തയാറായാല്‍, പ്രേക്ഷകരത് അംഗീകരിച്ചാല്‍ വീണ്ടും അത്തരം സിനിമകളുണ്ടാകും. ഇപ്പോള്‍ വ്യത്യസ്തമായ സംവേദനക്ഷമതയുള്ള ഒരുപാട് വനിതാ സംവിധായകർ ഉണ്ട്, വളരെ ടാലന്റഡായ സ്ത്രീ അഭിനേതാക്കളുണ്ട്. അവരൊക്കെ അഭിനയിക്കുന്നത് കണ്ട് എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് സ്ക്രീനിൽ കാണാൻ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അത്തരം സിനിമകള്‍ തേടി വരുന്നുണ്ടോ ?
വളരെ കുറവാണെന്ന് തന്നെ പറയാം. എന്നെ സംബന്ധിച്ച് വളരെ തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ മാത്രമേ ഞാന്‍ കമ്മിറ്റ് ചെയ്യാറുള്ളൂ. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ കഥാപാത്രത്തിന് ആ സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും കോണ്ട്രിബ്യൂട്ട് ചെയ്യാനുണ്ടെങ്കില്‍ മാത്രമേ ഞാനത് കമ്മിറ്റ് ചെയ്യൂ. ഇല്ലെങ്കില്‍ ആ സിനിമ ഞാന്‍ വേണ്ടെന്ന് വയ്ക്കും. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ തേടി വരുന്നത് തന്നെ കുറവാണ്, അപ്പോള്‍ പിന്നെ കുറച്ചു സെലക്ടീവായാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. എങ്കിലും ചില വ്യത്യസ്ത കഥാപാത്രങ്ങള്‍ വരുന്നുണ്ട്. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന എം ടി വാസുദേവൻ നായരുടെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഷെർലക്ക് എന്ന് പേരിട്ടിരിക്കുന്ന ഒരു ആന്തോളജിയുടെ സെഗ്മെന്റില്‍ ഞാന്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചിരുന്നു. അതില്‍ ഞാനും ഫഹദും ഒരു പൂച്ചക്കുഞ്ഞും മാത്രമാണ് കഥാപാത്രങ്ങള്‍. അങ്ങനെയുള്ള ചില വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടി വരുന്നുണ്ട്. ഞാനിപ്പോൾ അല്പം പഠിക്കാൻ പറ്റുന്ന സിനിമകളാണ് തെരഞ്ഞെടുക്കാറുള്ളത്.
സിനിമയില്‍ നിന്നെടുത്ത നീണ്ട ഇടവേള കരിയറിനെ ബാധിച്ചിട്ടുണ്ടോ ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. കരിയറില്‍ നിന്ന് ഇടവേളയെടുത്ത തീരുമാനം എന്റേത് മാത്രമായിരുന്നു. വിവാഹവും പിന്നീട് മക്കളായപ്പോള്‍ അവര്‍ക്കു വേണ്ടി മാറ്റി വച്ച സമയവുമൊക്കെ എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമായിരുന്നു. ആ ജീവിതത്തില്‍ ഞാനത്ര കണ്ട് ബിസിയുമായിരുന്നു. പിന്നീട് എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സിനിമ തേടി വന്നപ്പോള്‍ ആ എക്സ്പീരിമെന്റ് ഏറ്റെടുക്കാന്‍ ഞാന്‍ തയാറായി. ആ സമയത്ത് മക്കള്‍ രണ്ടാളും പഠിക്കുന്ന സമയമായിരുന്നു. അവരുടെ വെക്കേഷന് സമയത്ത് മാത്രമേ സിനിമ ചെയ്യാന്‍ കഴിയൂ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ആ സിനിമയുടെ കഥ അത്ര കണ്ട് ഇഷ്ടപ്പെട്ടതു കൊണ്ട് ഞാനത് ചെയ്തു. അതിന് എന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ കൂടി കിട്ടി. ഇടവേളയ്ക്കു ശേഷം സിനിമകള്‍ ചെയ്തു തുടങ്ങിയത് അങ്ങനെയാണ്. ഞാനിപ്പോള്‍ കൂടുതല്‍ ചെയ്യുന്നത് തെലുങ്ക് സിനിമകളാണ്. എന്റെ ലേറ്റ് നാല്പ്പതുകളിലാണ് ഞാനവിടെ എത്തിയത്. എന്നിട്ടും ആളുകള്‍ സ്നേഹവും ബഹുമാനവും നല്കുന്നു, എന്റെ കഥാപാത്രങ്ങള്‍ക്ക് കാത്തിരിക്കുന്നു എന്നറിയുമ്പോഴാണ് കൂടുതല്‍ സന്തോഷം. ഇനിയിപ്പോള്‍ കരിയറില്‍ ഒരു സ്ത്രീക്ക് ഒന്നും ചെയ്യാനില്ല എന്നു തോന്നുന്ന സമയത്ത് ഇത്രയും നല്ല റെസ്പോണ്‍സ് പ്രേക്ഷകര്‍ തരുമ്പോള്‍ ഐ ഫീല്‍ സോ പ്രൗഢ്.
തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്ത സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതും അതുകൊണ്ടാണോ ?
അതെ. ഞാനതില്‍ ശരിക്കും എക്സൈറ്റ്ഡായിരുന്നു. ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ഫുള്‍ ക്രെഡിറ്റ് ഞാനതിന്റെ സംവിധായകന് വിവേക് ആത്രേയയ്ക്ക് കൊടുക്കും. ഒരു ദിവസം ഞാന്‍ ഡബ്ബിംഗിന്റെ കാര്യം ചോദിച്ച സമയത്താണ് എന്റെ കഥാപാത്രത്തിന് ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നതെന്ന് വിവേക് പറഞ്ഞത്. അതെനിക്ക് ശരിക്കും അത്ഭുതമായിരുന്നു. തെലുങ്ക് ഭാഷയുമായി എനിക്ക് ഒട്ടും അടുപ്പമില്ല. അതുകൊണ്ട് തന്നെ വിവേകിന് അതിനുള്ള ക്ഷമ ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചു. പക്ഷേ വിവേക് നല്ല ആത്മവിശ്വാസത്തിലായിരുന്നു. ആ വിശ്വാസം എനിക്ക് ഉത്തരവാദിത്തമായി മാറി. സംഭാഷണം പഠിക്കുന്ന സമയത്തും ഡബ്ബ് ചെയ്യുന്ന ഇടവേളയിലും ഞാന്‍ മുംബൈയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. അതോടെ തെലുങ്ക് എനിക്ക് അതിദൂര ഭാഷയാകും. ഒട്ടും പരിചിതമല്ലാത്ത ഭാഷയില്‍ ഡബ്ബ് ചെയ്യുമ്പോള്‍ എങ്ങനെയാകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നെക്കാള്‍ 25 വയസ്സോളം കുറവാണ് വിവേകിന്. എന്നിട്ടും പക്വതയുള്ള സംവിധായകനാണ് വിവേക്. എടുക്കുന്ന തീരുമാനങ്ങളില്‍ ചെയ്യുന്ന കാര്യങ്ങളില്‍ അത്രയ്ക്കും കോണ്‍ഫിഡന്‍സ് ഉണ്ട് വിവേകിന്റെ ചിന്തകള്‍ക്ക്. വിവേകിനെ നിരാശപ്പെടുത്തരുതെന്ന് എനിക്കുമുണ്ടായിരുന്നു. അതുകൊണ്ടാണത് വിജയിച്ചത്. വിവേക് എന്നില്‍ അര്‍പ്പിച്ച വിശ്വാസവും സ്വയമുള്ള ആത്മവിശ്വാസവുമാണ് ആ വിജയത്തിനു പിന്നില്‍.
ആ സിനിമയില്‍ നസ്റിയയ്ക്കൊപ്പം അഭിനയിച്ചല്ലോ. വിവാഹശേഷം സിനിമാ കരിയറില്‍ സജീവമാകുന്ന ന്യൂ ജെന്‍ താരങ്ങളെക്കുറിച്ച് പറയാനുള്ളത് ?
അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അഭിമാനമുണ്ട്. പുതിയ തലമുറ ഇത്രയും നല്ല രീതിയില്‍ പ്രൊഫഷനെ ഏറ്റെടുക്കുകയും സീരിയസ്സായി കാണുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷം. നസ്റിയ വളരെ ജോളിയായ ഒരാളാണ്. ഈ സിനിമയ്ക്കു മുന്‍പ് എനിക്ക് നസ്റിയയെ വ്യക്തിപരമായി അറിയില്ലായിരുന്നു. പരിചയപ്പെട്ടപ്പോള്‍ മാനസികമായി നല്ല അടുപ്പം തോന്നി. പിന്നെ വളരെ അവിചാരിതമായി ഫഹദിനൊപ്പം മലയാളത്തിലും തെലുങ്കില്‍ നസ്റിയയക്കൊപ്പവും ഏകദേശം ഒരേ സമയത്ത് അഭിനയിക്കാന്‍ കഴിഞ്ഞു. ശരിക്കും അവര്‍ രണ്ടാളും ഒരു ഫാമിലി ഫീലിംഗാണ് നല്‍കിയത്.
പിന്നെ ഇപ്പോഴത്തെ അഭിനേതാക്കളെല്ലാം വളരെ ടാലന്റഡാണ്. വ്യത്യസ്തതയുള്ള പരീക്ഷണ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇവരില്‍ പലരും തയാറാണ്. ചുറ്റും സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റിസ്ക് എടുത്ത് കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ സന്നദ്ധരാണ്. സ്വന്തം കഴിവില്‍ ആത്മവിശ്വാസമുള്ള കലാകാരന്മാരും കലാകാരികളുമാണിവര്.

ഇടവേളയ്ക്കു ശേഷം സിനിമയില്‍ എത്തിയപ്പോള്‍ കിട്ടിയത് അമ്മ വേഷങ്ങള്‍. ഒപ്പം അഭിനയിച്ചവര്‍ പലരും ഇപ്പോഴും ഹീറോയായി തന്നെ തിളങ്ങുന്നു. ഒരു അസമത്വം തോന്നുന്നുണ്ടോ ?
ഇല്ലെന്നു പറയാനാവില്ല. കേള്‍ക്കുമ്പോള്‍ വിചിത്രമാണത്, പക്ഷേ നമ്മൾ അത് അംഗീകരിച്ചേ മതിയാകൂ. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും അത് നിലനില്‍ക്കുന്നുണ്ട്. എന്റെ മകള്‍ ജോലി ചെയ്യുന്നത് അമേരിക്കയിലാണ്, അവിടെ പോലും ഇത്തരം അസമത്വം നിലനില്ക്കുന്നു. മിക്ക പ്രൊഫഷനുകളിലും അത് കാണുന്നു. സാലറി റൈസിനെക്കുറിച്ചു പോലും തുറന്നു ചോദിക്കാന്‍ പല സ്ത്രീകള്‍ക്കും മടിയാണ്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ വളരെ കണ്‍സര്‍വേറ്റീവാണ്. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്ത്തകന് സാലറി കൂട്ടിചോദിക്കുമ്പോഴും മടി കൊണ്ട് മാത്രം സ്ത്രീകള്‍ ഈ ചോദ്യം ഒഴിവാക്കാറുണ്ട്.
എന്നോട് പലരും ചോദിച്ചിട്ടുണ്ട്, ഈ അമ്മ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ബോറടിക്കുന്നില്ലേ എന്ന്. ചിലപ്പോഴൊക്കെ എനിക്കുമത് തോന്നാറുണ്ട്. പിന്നെ കിട്ടുന്ന വേഷങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യുക എന്നതാണ് നമ്മുടെ ഡ്യൂട്ടി. വേറൊരു നല്ല കാര്യമെന്തെന്നാല്‍ എനിക്കു കിട്ടിയ അമ്മ വേഷങ്ങള്‍ മിക്കതും വ്യത്യസ്തമാണ്. ഞാൻ ചെയ്ത അമ്മ കഥാപാത്രങ്ങൾ എല്ലായ്പ്പോഴും സാധാരണ അമ്മ കഥാപാത്രമായിരുന്നില്ല. അതൊക്കെ ഒരു ഭാഗ്യം ആണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായാണ് ഞാൻ അമ്മ കഥാപാത്രങ്ങളെ കാണുന്നത്. അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ അതുകൊണ്ട് പ്രശ്നം തോന്നിയിട്ടില്ല.

വിവാഹം കഴിച്ച് അമ്മയാകുമ്പോൾ ഒരു സ്ത്രീക്ക് ജീവിതത്തിൽ എല്ലാം നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. സമൂഹത്തിലെ ആളുകള്‍ക്ക് അവള്‍ക്ക് വേണ്ടി പലതും ചെയ്യാനുണ്ട്. ഈ പ്രായത്തില്‍ ഞാനെന്റെ ജീവിതത്തിലെ നല്ല സമയമാണ് എനിക്ക് കിട്ടുന്നത്. എന്റെ മക്കള്‍ വളര്‍ന്ന് അവരുടെ സ്വന്തം കാലില്‍ നില്ക്കാറായി. എന്റെ ജീവിതം എനിക്ക് ആസ്വദിക്കാവുന്ന സമയമാണ്. കുടുംബത്തിനുള്ളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുമുള്ള പിന്തുണ കിട്ടുന്നതിനാല്‍ ആ സന്തോഷവും ഉണ്ട്. സന്തോഷവും സംതൃപ്തിയും മാത്രമാണ് എനിക്കുള്ളത്. അതിനൊപ്പം ഈ പ്രായത്തിലും ജോലി ചെയ്യാന്‍ പറ്റുന്ന ആരോഗ്യം കിട്ടുന്നതും വലിയ ഭാഗ്യമായി കരുതുന്നു.
പിന്നെ മലയാള സിനിമയില്‍ മാറ്റങ്ങളും വരുന്നുണ്ട്. സ്ത്രീപക്ഷ സിനിമകളും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്. ആ മാറ്റങ്ങള്‍ വരുന്നതില്‍ കൂടുതല്‍ സന്തോഷം. ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള കൂടുതൽ തിരക്കഥകൾ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
സ്ത്രീ അഭിനേതാക്കള്‍ക്ക് കിട്ടുന്ന പ്രതിഫലത്തിലും തുല്യതയില്ലല്ലോ ?
സിനിമ ശരിക്കും ബിസിനസ്സാണ്. പ്രേക്ഷകര്‍ കാണാനിഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് സെല്ലിംഗ് കപ്പാസിറ്റി കൂടുതലാണ്. അതിനനുസരിച്ചാണ് ഓരോ അഭിനേതാക്കളുടെയും പ്രതിഫലം കൂടുന്നതും കുറയുന്നതും. ഞാൻ തുല്യതയിലും തുല്യ വേതനത്തിലും എല്ലാത്തിലും വിശ്വസിക്കുന്ന ഒരാളാണ്. പക്ഷേ മറ്റൊരു പ്രൊഫഷനുമായി ഇക്കാര്യത്തില്‍ സിനിമയെ താരതമ്യം ചെയ്യാനാവില്ല. കാരണം ചില സന്ദര്‍ഭങ്ങളില്‍, അതായത് 80-കളിൽ എന്റെ സഹതാരമായ ഹീറോയേക്കാള്‍ കൂടുതല്‍ പ്രതിഫലം എനിക്കു കിട്ടിയിട്ടുണ്ട്. അന്നതേതില് നിന്നും ഇന്ന് വ്യത്യാസം വന്നല്ലോ. പിന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കറിയില്ല. മാര്‍ക്കറ്റ് വാല്യൂ അനുസരിച്ചാണ് ഓരോ അഭിനേതാക്കളുടെയും പ്രതിഫലം നിശ്ചയിക്കുന്നത്. അതിനനുസരിച്ച് സ്ത്രീ അഭിനേതാക്കള്‍ക്ക് കൊടുക്കണം, അത്രേയുള്ളൂ.
മലയാള സിനിമാ മേഖലയില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ ?
തീര്‍ച്ചയായും. പൊതുവേ സിനിമാമേഖലകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ത്തന്നെ മലയാള സിനിമ മികച്ചതായി മാറിയിരിക്കുകയാണ്. മലയാള സിനിമ തുടക്കം മുതലേ അതിന്റെ ഉള്ളടക്കത്തിന് പേരുകേട്ടതാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോഴും മലയാള സിനിമ കാണുന്നത് ഗുണനിലവാരമുള്ള ഉള്ളടക്കമുള്ളതു കൊണ്ടാണ്. സാങ്കേതികപരമായും സിനിമ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ലോക സിനിമയുമായി താരതമ്യം ചെയ്യാവുന്ന രീതിയിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഉള്ളടക്കം, സാങ്കേതികത, തിരക്കഥ, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വന്നു. പണ്ട് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അഭിനേതാക്കളായ സ്ത്രീകളെ മാത്രമായിരുന്നു കാണുന്നതെങ്കില്‍ ഇന്നങ്ങനെയല്ല. സിനിമയുടെ അണിയറയിലെ പല മേഖലകളിലും സ്ത്രീ സാന്നിധ്യം സജീവമായിട്ടുണ്ട്. ആ മാറ്റം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്.
വ്യത്യസ്തമായ കഥാപാത്രങ്ങളും പരീക്ഷണ സിനിമകളുമൊക്കെ മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. എനിക്കും അത്തരം പരീക്ഷണങ്ങള്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത ‘ഒരു പാതിരാ സ്വപ്നം പോലെ’ (‘Like A Midnight Dream)എന്ന സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തത്. 67-മത് ദേശീയ അവാര്‍ഡില്‍ ബെസ്റ്റ് ഫിലിം ഓഫ് ഫാമിലി വാല്യൂസ് എന്ന അവാര്‍ഡും അതിന് കിട്ടി. അതൊരു അഭിമാന നിമിഷമായിരുന്നു എനിക്ക്. പുതിയ തലമുറയുടെ പുതിയ ചിന്താഗതിക്കൊപ്പം ചലിക്കാന്‍ എനിക്കിഷ്ടമാണ്.
ലൊക്കേഷനിലാണെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ടൊക്കെ സഹതാരങ്ങളെ കണ്ടാല്‍ നമസ്തേ, ഹായ് ഒക്കെ പറയും. അക്കാലത്ത് ഹസ്തദാനം ചെയ്തിരുന്നത് ഞാന്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു. എന്നാലിപ്പോള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാണ് സിനിമാലൊക്കേഷനുകള്‍.

ആലിംഗനത്തിലൂടെ കൂടുതല്‍ ഊഷ്മളമായി ഇന്നത്തെ തലമുറ സൗഹൃദത്തെ മാറ്റിയെടുക്കുന്നു. ‘ഭീഷ്മപര്വ്വ’ത്തിന്റെ ലൊക്കേഷനും വളരെ രസകരമായിരുന്നു. അവിടെ എനിക്കൊപ്പമുണ്ടായിരുന്ന മിക്ക താരങ്ങളും പുതുതലമുറയിലേതാണ്. എന്റെ മക്കളും ആ പ്രായത്തിലുള്ളതിനാല് അവരുടെ ചിന്താരീതി എനിക്ക് മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ പൊതുവേ എന്നിലെ കുട്ടിത്തം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നയാളാണ്. അല്‍പ്പം കുസൃതിത്തരങ്ങളുള്ള എനിക്ക് പുതുതലമുറയ്ക്കൊപ്പം കൂടാനും അവരിൽ ഒരാളായി മാറാനും എനിക്ക് പെട്ടെന്ന് കഴിയാറുണ്ട്. എന്നില്‍ ഇപ്പോഴുമുള്ള കുട്ടിത്തത്തെ ഒരിക്കലും നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
സ്ത്രീ അഭിനേതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, ഡബ്ല്യുസിസി പോലുള്ള കൂട്ടായ്മകളുടെ നിലപാടുകളെക്കുറിച്ച് ?
സ്ത്രീകൾ ഉൾപ്പെടുന്ന ചില പ്രശ്നങ്ങൾ അവർ തീർച്ചയായും ശ്രദ്ധിക്കുന്നുണ്ട്. അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും എനിക്ക് അഭിമാനം തോന്നാറുണ്ട്. കാരണം ഇതുവരെ ആരും അഡ്രസ് ചെയ്യാത്ത കാര്യങ്ങളാണ് അവര്‍ ശ്രദ്ധയില്‍ പെടുത്തുന്നത്. അതു വളരെ സ്വീകാര്യമായ കാര്യമാണ്. അവരുടെ വ്യക്തിപരമായ സമയം മാറ്റിവച്ച് സ്ത്രീപക്ഷ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
പിന്നെ ഞാന്‍ സിനിമയിലെത്തുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നു പോലും എനിക്കറിയില്ല. ഞാന്‍ സിനിമയിലെത്തുന്ന സമയത്ത് 18-19 വയസ്സാണ് എന്റെ പ്രായം. അന്നെനിക്ക് അച്ഛന് എന്ന സംരക്ഷകന്‍ ഉണ്ടായിരുന്നതു കൊണ്ടും സിനിമാസംബന്ധമായ എന്റെ എല്ലാ തീരുമാനങ്ങളുമെടുത്തിരുന്നത് അച്ഛനായിരുന്നതു കൊണ്ടും മറ്റൊന്നും ആലോചിക്കാനോ ചിന്തിക്കാനോ എനിക്ക് സമയം മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. എന്റെ ചുറ്റിലും എന്താണ് സംഭവിക്കുന്നതു എന്നു പോലും ഞാന്‍ ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇഷ്ടമുള്ള സിനിമകള്‍ ചെയ്യുന്നു, പോകുന്നു, അതായിരുന്നു എന്റെ ജോലി. മിക്കവാറും ഷൂട്ടിംഗ് തിരക്കുകളിലായിരിക്കും. രാവിലെയും വൈകിട്ടുമൊക്കെ പല ലൊക്കേഷന്‍ മാറി മാറിയുള്ള ഷൂട്ടിംഗ് തിരക്കുകള്‍, അതിനിടയില്‍ അമിതശ്രദ്ധ ഒന്നിനും കൊടുക്കാന്‍ സാധിച്ചിരുന്നില്ല. സിനിമാ ലൊക്കേഷനില്‍ നിന്ന് വീട്ടിലെത്തിയാലും വായനയുടെ ലോകത്തും എന്റെ പ്രൈവറ്റ് സ്പേസുകളിലുമായി ഒതുങ്ങിക്കൂടും. അച്ഛന് വളരെ സിസ്റ്റമാറ്റിക്കായിരുന്നു. അദ്ദേഹം മറ്റെന്തിനേക്കാളും മുന്‍ഗണന എനിക്കാണ് തന്നിരുന്നത്. എന്റെ സംരക്ഷകന്‍ അച്ഛനായിരുന്നു. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ എന്റെ സമീപത്തു പോലും വന്നിരുന്നില്ല. അതുകൊണ്ട് അവബോധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാന്‍ എനിക്ക് അവകാശമില്ല. എനിക്ക് അറിയാവുന്ന വിഷയങ്ങളാണെങ്കില്‍ ഞാൻ എന്റെ അഭിപ്രായം പ്രകടിപ്പിക്കും.
സോഷ്യല്‍ മീഡിയ വഴിയും ഇത്തരം പ്രശ്നങ്ങള്‍ പുറത്തു വരുന്നുണ്ടല്ലോ ?
ഇന്നത്തെ തലമുറയ്ക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കൂടുതൽ വേദികളുണ്ട്. എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ സോഷ്യല്‍ മീഡിയ നല്ലൊരു പ്ലാറ്റ്ഫോമാണ്. അവരുടെ ശബ്ദമുയര്‍ത്താനും പ്രശ്നങ്ങള്‍ തുറന്നു പറയാനും ഈ മീഡിയ മുന്നിലുണ്ട്. പക്ഷേ ഇത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ റിസള്‍ട്ട് വരുന്നത്. എല്ലാവര്ക്കും അവരവരുടെ അഭിപ്രായം തുറന്നു പറയാം, അതിലൊന്നും പ്രശ്നവുമില്ല. പക്ഷേ അത് വ്യക്തിഹത്യ ചെയ്യുന്ന നിലയിലാകരുത്. മറ്റൊരാളെ വേദനിപ്പിക്കുന്ന രീതിയിലാകരുത്. മറ്റൊരാളുടെ ഫീലിംഗിനെക്കുറിച്ച് സെന്സിറ്റീവാകണമെന്നു മാത്രം. സോഷ്യല്‍ മീഡിയ എന്നത് ഒരു സോഷ്യല്‍ പ്ലാറ്റ്ഫോമാണ്. മറ്റുള്ളവരെ മനസ്സിലാക്കാനും സൗഹൃദമുണ്ടാക്കാനുമുള്ള ഒരു വേദിയായി അതിനെ മാറ്റണം. അല്ലാതെ അതൊരു നെഗറ്റീവ് സ്പേസാക്കി മിസ് യൂസ് ചെയ്യാതിരിക്കുക.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും അഭിപ്രായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഒരു അഭിനേത്രി എന്ന നിലയില്‍ അതിനെക്കുറിച്ച് പറയാനുള്ളത് ?
വളരെ വേദനയുണ്ടാക്കുന്ന കാര്യമാണത്. അതിപ്പോള്‍ ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും വിഷമകരമാണ്. സ്ത്രീ എന്നോ പുരുഷന് എന്നോ അതിന് വേര്‍തിരിവില്ല. ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നത് ശരിക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. മാധ്യമങ്ങളില്‍ കൂടി മിക്കപ്പോഴും ഇത്തരം വാര്‍ത്തകള്‍ നമുക്ക് മുന്നിലെത്താറുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതാണ് കൂടുതല്‍ വിഷമകരം. രണ്ട് പെണ്മക്കളുടെ അമ്മ എന്ന നിലയിലും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണത്. ടെന്‍ഷന്‍ എന്നതിനെ വിളിക്കാനാവില്ല. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കണം എന്നേ പറയാനാവൂ. ചിലപ്പോള്‍ വളരെ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളുണ്ടാകും. ചിന്തിച്ചു മാത്രം ഓരോ ചുവടും വയ്ക്കുക എന്നേ പറയാനുള്ളൂ.
പിന്നെ പെണ്മക്കളെ പഠിപ്പിച്ച് അവരെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തരാക്കണം. ആണായാലും പെണ്ണായാലും എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം. മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്, കാലം പുരോഗമിക്കുകയാണ്. അതിനെ അംഗീകരിക്കാനും പിന്തുണയ്ക്കാനും പുരുഷന്മാരും തയാറാകണം.
കാത്തിരിക്കുന്ന വേഷങ്ങള്‍, വരാനിരിക്കുന്ന സിനിമകള്‍... ?
ഞാനിപ്പോള്‍ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ചെയ്ത സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. അഞ്ജലി മേനോന് സംവിധാനം ചെയ്ത വണ്ടര്‍ വിമണ്‍, മഹേഷ് നാരായണന്റെ ആന്തോളജി മൂവിയായ ഷെര്‍ലോക്ക്, അണ്ടൈ സുന്ദരാനികി എന്ന തെലുങ്ക് സിനിമ, വാരിയര്‍ എന്ന തെലുങ്ക് പ്രൊജക്ട് എന്നിവയാണ് റിലീസ് ചെയ്യാനുണ്ട്. കോവിഡ് കാലത്ത് സിനിമകളുടെ തിരക്കിലായിരുന്നു ഞാന്‍. അതുകൊണ്ട് ഇനിയിപ്പോള്‍ കുടുംബത്തിനൊപ്പമുള്ള ചില യാത്രകളാണ് മനസ്സില്‍. ചെയ്ത സിനിമകള്‍ വരട്ടെ. അതുകഴിഞ്ഞ് അടുത്തത് കമ്മിറ്റ് ചെയ്യാം.
പിന്നെ ഡ്രീം റോള്‍, അത് തിരക്കഥ പോലെയാണ്. മധുമിത സംവിധാനം ചെയ്ത പുത്തന്‍ പുതുകാലൈ വിടിയാത എന്ന തമിഴ് ആന്തോളജി ആമസോണ്‍ പ്രൈമിനു വേണ്ടി ഞാന്‍ ചെയ്തിരുന്നു. വളരെ ചലഞ്ച്ഡ് ആയ കഥാപാത്രമായിരുന്നു അത്. ഒരു സംഭാഷണം പോലുമില്ലാത്ത കഥാപാത്രം. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എക്സൈറ്റ്മെന്റ് തോന്നുന്ന കരുത്തുള്ള കഥാപാത്രങ്ങള്‍. അത്രേയുള്ളൂ.
എന്നെ ഇപ്പോഴും സ്നേഹിക്കുന്ന എന്റെ സിനിമകള്‍ കാണുന്ന പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. തലമുറകളിലുടെ നീണ്ടു നില്ക്കുന്ന ആ സ്നേഹം ഇന്നുമുണ്ടെന്നറിയുമ്പോള് കൂടുതല്‍ സന്തോഷം. പുതുതലമുറയുമായും കണക്ടഡായിരിക്കുന്നു എന്നത് വലിയ അനുഗ്രഹമാണ്. അതൊരു വലിയ ഭാഗ്യമായി കരുതുന്നു.







Comments