
ബാലതാരമായും പിന്നീട് നായികയായും സംവിധായികയായും തിളങ്ങി നില്ക്കുന്ന താരമാണ് ഗീതു മോഹന്‍ദാസ്. മലയാള സിനിമാലോകത്ത് തന്റേതായ രീതിയില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഗീതുവിന്റെ നാല്‍പ്പതാം ജന്മദിനമാണ് ഇന്ന്. സിനിമാലോകത്തെ പലരും താരത്തിന് ആശംസകള്‍ നേരുന്നുണ്ട്.
ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തിന് ആശംസകള്‍ നേരുകയാണ് മഞ്ജുവാര്യര്‍. ഗീതു, ജന്മദിനാശംസകൾ ഞാൻ നിന്നെ സ്നേഹിക്കുന്നു!!!... നിന്റെ അപ്രൂവല്‍ ലഭിച്ച പുതിയ ക്യാപ്ഷനുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷവും ഞാന്‍ BFFLWYLION ല്‍ തുടരുന്നു...’’ എന്നാണ് ഗീതുവിന്റെ ചിത്രത്തിനൊപ്പം മഞ്ജുവാര്യര്‍ കുറിച്ചത്.
താരം പങ്കുവച്ച ആശംസാകുറിപ്പിലെ BFFLWYLION ശ്രദ്ധ നേടിയതാണ്. അതിനു മറുപടിയായി ‘‘താങ്ക്യൂ ഡാര്‍ലിംഗ്, എങ്കിലും ഇംഗ്ലീഷ് ആല്‍ഫബെറ്റ് എന്താണ് ?’’ എന്ന് ഗീതുവും ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്ത് (Best Friend For Life Whether You Like It Or Not ) എന്നതിന്റെ ചുരുക്കെഴുത്താണ് BFFLWYLION എന്നത് എന്ന് ചിലര്‍ കമന്റുകളിട്ടിട്ടുണ്ട്.
അഞ്ജലി മേനോനും ഗീതുവിന് ആശംസ നേര്‍ന്നിട്ടുണ്ട്. ‘‘നിങ്ങള്‍ നല്‍കുന്നതും വഴക്കുണ്ടാക്കുന്നതും രോഷാകുലയാകുന്നതും പുഞ്ചിരിക്കുന്നതും ആക്രോശിക്കുന്നതും വീണ്ടും ചിരിക്കുന്നതും. നിങ്ങള്‍ വിശ്വസിക്കുന്നതിന് വേണ്ടി തീവ്രമായി നിലകൊള്ളുന്നതും ഞാന്‍ കാണുന്നു. അത് പ്രചോദനം നല്‍കുന്നതാണ്! ഒത്തിരി സ്നേഹം..’’ എന്നാണ് അഞ്ജലി മേനോന് കുറിച്ചത്.
‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെയാണ് ഗീതു മോഹന്‍ദാസ് സിനിമയിലെത്തുന്നത്. ഗായത്രി ദാസ് എന്ന പേരു മാറി ഗീതു മോഹന്‍ദാസ് എന്ന പേരു വരുന്നത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും ഗീതുവാണ്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം ഗീതു തിരിച്ചെത്തിയത്. പിന്നീട് തെങ്കാശിപ്പട്ടണം, വാല്‍ക്കണ്ണാടി, നമ്മള് തമ്മില്‍, അകലെ എന്നിവയടക്കം ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രമായും നായികയായും ഗീതു തിളങ്ങി. ‘അകലെ’യിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള 2004ലെ കേരള സംസ്ഥാന പുരസ്കാരവും ഗീതു സ്വന്തമാക്കി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സംവിധായികയായും ഗീതു തിളങ്ങാറുണ്ട്. ഗീതു സംവിധാനം ചെയ്ത ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗീതു സംവിധാനം ചെയ്ത ലയേഴ്സ് ഡൈസ്, മൂത്തോന് എന്നീ ചിത്രങ്ങളും ഏറെ അംഗീകരിക്കപ്പെട്ട ചിത്രങ്ങളാണ്. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രാജീവ് രവിയെയാണ് ഗീതു വിവാഹം ചെയ്തത്. ആരാധന എന്നൊരു മകളും ഇവര്‍ക്കുണ്ട്.






