വളര്‍ത്തു മൃഗങ്ങളെ വീടിനുള്ളില്‍ സ്വാതന്ത്ര്യത്തോടെ വിടുന്നവരാണ് ഇപ്പോള്‍ മിക്ക ഉടമസ്ഥരും. അമിതമായി സ്വാതന്ത്ര്യം നല്കുമ്പോള് വളര്‍ത്തുമൃഗങ്ങളില്‍ പലതും വീടുകളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. വളര്‍ത്തുനായയെ വീടിനുള്ളിലാക്കി പുറത്ത് പോയ ഉടമസ്ഥന്റെ വീട് തന്നെ കത്തിച്ച നായയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. യുഎസ്സിലെ മിസോറിയിലെ ഒരു വീട്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
ഉടമസ്ഥര്‍ പുറത്ത് പോയ സമയത്ത് വളര്‍ത്തു നായ അടുക്കളയില്‍ കയറി ഗ്യാസ് സ്റ്റൗ ഓണാക്കുകയായിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയില്‍ വീട്ടില്‍ തീപിടുത്തം ഉണ്ടാകുകയായിരുന്നു. അപകടത്തിന് ശേഷം സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നത്. സ്റ്റൗവിന് മുകളില്‍ ഇരുന്ന പാനില്‍ ആഹാരം എന്തെങ്കിലുമുണ്ടോയെന്ന് നോക്കാന്‍ കയറിയ നായകളിലൊന്ന് സ്റ്റൗവില്‍ പിടിച്ച് നിന്നു. ആ സമയം അറിയാതെ അതിന്റെ കാല് തട്ടി സ്റ്റൗ ഓണാവുകയും, ഗ്യാസ് ബര്‍ണര്‍ കത്തുകയുമായിരുന്നു. പാനില്‍ മുന്‍പ് കഴിച്ച ആഹാരത്തിന്റെ ബാക്കി ചൂട് പിടിച്ച് അതിലെ എണ്ണ ഇറങ്ങി തീ ആളിക്കത്തി. പാന്‍ ചൂട് പിടിച്ച് ഏകദേശം 8 മിനിറ്റോളം തീ ആളി പടര്‍ന്നു.
ഈ സമയം നായകള്‍ അടുക്കളയില്‍ നിന്ന് പുറത്തേക്ക് പോയിരുന്നു. തീ ആളി പടര്‍ന്ന് വീടിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വലിയ അപടകം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അഗ്നിശമനസേന എത്തിയതിനാല്‍ നായ്ക്കളെ പരിക്കൊന്നും കൂടാതെ രക്ഷിക്കാന്‍ സാധിച്ചു. വീട്ടില്‍ നിന്ന് രണ്ട് നായ്ക്കളെയും സുരക്ഷിതമായി മാറ്റാന്‍ സാധിച്ചെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും സതേണ്‍ പ്ലാറ്റ് ഫയര്‍ പ്രൊട്ടക്ഷന്‍ ഡിസ്ട്രിക്റ്റും അറിയിച്ചു. തീ ആളിപ്പടരുമ്പോള്‍ അകത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.






