ഹ്യുണ്ടേയുടെ ചെറു എസ്യുവി വെന്യുവിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തി. ഹ്യുണ്ടേയുടെ വലിയ എസ്യുവികളായ പാലിസൈഡ്, ട്യൂസോണ്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന പല ഫീച്ചറുകളും പുതിയ വെന്യുവില്‍ ഉണ്ട്. ആറ് സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനും ഒരു ഡ്യുവല്‍ ടോണ്‍ ഓപ്ഷനും അടക്കം ഏഴു നിറങ്ങളില്‍ പുതിയ മോഡല്‍ ലഭിക്കും. മൂന്ന് എന്ജിന് വകഭേദങ്ങളിലായാണ് വെന്യു എത്തുന്നത്.
1.2 ലീറ്റര്‍ എംപിഐ പെട്രോള്‍ എന്ജിന് മോഡലിന്റെ വില 7.53 ലക്ഷം രൂപയിലും 1 ലീറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്ജിന് 9.99 ലക്ഷം രൂപയും 1.5 ലീറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്ജിന് 9.99 ലക്ഷം രൂപയുമാണ് വില. 21000 രൂപ സ്വീകരിച്ച് വാഹനത്തിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു. പഴയ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ എന്‍ജിനില്ല. 120 എച്ച്പി കരുത്തുള്ള 1 ലീറ്റര്‍ പെട്രോള്‍, 83 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്ജിന്, 100 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ വാഹനത്തില്‍ ഉപയോഗിക്കുന്നത്. 1 ലീറ്റര്‍ ടര്‍ബൊ എന്ജിന് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി ഗിയര്‍ബോക്സുകളില്‍ ലഭിക്കുമ്പോള്‍ 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളോടൊപ്പം മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ലഭിക്കുക.
ബീജും ബ്ലാക്കുമുള്ള ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന്. റിക്ലൈനിങ് പിന് നിര സീറ്റുകളാണ്, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, പാഡില്‍ ഷിഫ്റ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, പിന് നിര യാത്രക്കാര്‍ക്കുള്ള രണ്ട് യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍ എന്നിവ പുതിയ മോഡലിലുണ്ട്. ബ്ലൂ ലിങ്ക് ആപ്പ് വഴിയുള്ള അറുപതില്‍ അധികം കണക്റ്റഡ് ഫീച്ചറുകളും അലക്സ, ഗൂഗിള്‍ അസിസ്റ്റ് ഫീച്ചറുകളും വാഹനത്തിലുണ്ട്. രാജ്യാന്തര വിപണിയിലെ ഹ്യുണ്ടേയ്, ജനിസിസ് കാറുകളിലുള്ള സൗണ്ട് ഓഫ് നേച്ചര്‍ ഫീച്ചറും പുതിയ വെന്യുവിലുണ്ട്. പുതിയ വലുപ്പം കൂടിയ ഗ്രില്‍, ബോള്‍ഡ് ലുക്ക് നല്കുന്ന വശങ്ങള്, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ കണക്റ്റിങ് ടെയില്‍ലാംപ് അടങ്ങുന്ന പിന്‍ഭാഗം എന്നിവ പുതിയ മോഡലിലുണ്ട്.






