ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ എവ്ട്രിക് മോട്ടോര്‍സ് തങ്ങളുടെ ലൈനപ്പിലേക്ക് ഒരു പുതിയ ഇലക്ട്രിക് മോഡലിനെ അവതരിപ്പിച്ചു. റൈസ് എന്ന ഇ-മോട്ടോര്‍സൈക്കിളാണ് കമ്പനി അവതരിപ്പിച്ചത്. 1.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 5,000 രൂപ ഡൗണ്‍ പേയ്മെന്റ് നല്കി വാഹനം ബുക്ക് ചെയ്യാനാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി ബ്രാന്‍ഡിന്റെ 125 ടച്ച് പോയിന്റുകള്‍ വഴി ഇവി വില്‍പ്പനയ്ക്കെത്തും.
കേരളത്തിനു പുറമെ നിലവില്‍ രാജസ്ഥാന്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ , ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലും എവ്ട്രിക് ഇലക്ട്രിക് മോഡലുകള്‍ ലഭ്യമാണ്. അത്യാധുനിക ശൈലിയും മുന്‍നിര സാങ്കേതികവിദ്യയും കോര്‍ത്തിണക്കി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നമാണ് എവ്ട്രിക് റൈസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ബ്ലാക്ക് അല്ലെങ്കില്‍ റെഡ് തുടങ്ങീ സ്പോര്‍ട്ടി കളര്‍ ഓപ്ഷനുകളിലാണ് ഇ-ബൈക്ക് വിപണിയില്‍ എത്തുന്നത്.
നാല് മണിക്കൂറിനുള്ളില്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള എവ്ട്രിക് റൈസിന് ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ റേഞ്ച് നല്കാന് കഴിയുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇ-ബൈക്കിന് പരമാവധി 70 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഓട്ടോ കട്ട് ഫീച്ചറുമായി വരുന്ന 10 amp മൈക്രോ ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് റിമൂവബിള്‍ ബാറ്ററിയുമായാണ് വരുന്നത്. അതിനാല്‍ ചാര്‍ജിംഗ് സൗകര്യം കൂടുതല്‍ പ്രായോഗികമാണ്.






