
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി നെറ്റ്ഫ്ളിക്സില്‍ പരസ്യങ്ങള്‍ കാണിയ്ക്കാന്‍ തുടങ്ങുന്നു. കാന്‍സ് ലയണ്‍സ് അഡ്വര്‍ടൈസിങ് ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നെറ്റ്ഫ്ളിക്സ് മേധാവി ടെഡ് സാരന്‍ഡോസ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിയ്ക്കും പരസ്യങ്ങള്‍ കാണിച്ച് തുടങ്ങുന്നത്.
ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് കമ്പനി. കുറഞ്ഞ കാശിന് സബ്സ്ക്രിപ്ഷന് വേണമെന്നും പരസ്യങ്ങള്‍ ഞങ്ങള്‍ കണ്ടുകൊള്ളാം എന്നും പറയുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്നും ടെഡ് സാരന്‍ഡോസ് പറഞ്ഞു. നെറ്റ്ഫ്ളിക്സിന്റെ എതിരാളിയായ ഡിസ്നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്സ്ക്രിപ്ഷന് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹോട്ട് സ്റ്റാറിലെ വിഐപി സബ്സ്ക്രിപ്ഷനില്‍ നിലവില്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.






