റിലയന്‍സ് ജിയോയുടെ പുതിയ ഹാന്‍ഡ്സെറ്റ് ജിയോഫോണ്‍ നെക്സ്റ്റിന് പ്രതീക്ഷിച്ച അത്ര ശ്രദ്ധേയമാകാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. പ്രീപെയ്ഡ് ആനുകൂല്യങ്ങളോടൊപ്പം ജിയോ നല്കുന്ന ഇഎംഐ പ്ലാനുകള്‍ പ്രകാരം ഹാന്‍ഡ്സെറ്റിന്റെ വില 14,000 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റ് വന്‍ വിലക്കുറവില്‍ ലഭ്യമാണ്. കൂടാതെ, പ്രതിമാസം 216 രൂപ ഇഎംഇയിലും ഫോണ്‍ വാങ്ങാം.
നിലവിലുള്ള 2ജി നെറ്റ്വര്‍ക്ക് ഉപയോക്താക്കളെ 4ജി സ്മാര്‍ട് ഫോണിലേക്ക് മാറ്റാനും 4ജി സേവനങ്ങള്‍ ഉപയോഗിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോഫോണ്‍ നെക്സ്റ്റ് റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. ജിയോഫോണ്‍ നെക്സ്റ്റ് നിലവില്‍ ആമസോണ്‍ ഇന്ത്യയില്‍ 4,599 രൂപയ്ക്ക് ലഭ്യമാണ്. സ്മാര്‍ട് ഫോണ്‍ നേരത്തേ 6,499 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്സ്ചേഞ്ച് ഓഫറിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ്സെറ്റ് 4,499 രൂപയ്ക്ക് മാത്രമേ ലഭിക്കൂ എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആമസോണ്‍ ഇന്ത്യയില്‍ ജിയോഫോണ്‍ നെക്സ്റ്റ് ഡിസ്കൗണ്ടില്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പഴയ ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യേണ്ടതില്ല.
ജിയോഫോണ്‍ നെക്സ്റ്റ് കാരിയര്‍ ലോക്ക് ചെയ്തിരുന്നു. അതിനാല്‍ ഈ ഫോണിലേക്ക് മറ്റൊരു കമ്പനിയുടെ സിം കാര്‍ഡ് ചേര്‍ക്കാന്‍ കഴിയില്ലെന്നതും ഉപയോക്താക്കളുടെ അപ്രിയം പിടിച്ചു പറ്റാന്‍ കാരണമായി. ജിയോഫോണ്‍ നെക്സ്റ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 പ്രോസസര്‍ ആണ് നല്‍കുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. 3500 എംഎഎച്ച് ആണ് ബാറ്ററി. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി പിന്നില്‍ 13 എംപി ക്യാമറയും മുന്‍വശത്ത് 8 എംപി ക്യാമറയും ഉണ്ട്. ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.






