
വലിയ പ്രതീക്ഷകളോടെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ് വെര്‍ട്ടിസ് എന്ന പേരില്‍ പുതിയ മിഡ്-സൈസ് സെഡാന് പുറത്തിറക്കിയത്. ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 2,000-ലധികം യൂണിറ്റ് വെര്‍ട്ടിസ് ഡെലിവറി ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. ലോഞ്ച് ചെയ്യുന്നതിന് മുമ്പു തന്നെ 4,000-ലധികം ബുക്കിംഗുകളുമായി ഇതിന് മികച്ച പ്രാരംഭ പ്രതികരണം ലഭിച്ചിരുന്നു. ഉപഭോക്തൃ ഡെലിവറി കൂടുതല്‍ സവിശേഷമാക്കുന്നതിന്, കമ്പനി അതിന്റെ 'ബിഗ് ബൈ ഡെലിവറി' എന്ന മെഗാ ഡെലിവറി പ്രോഗ്രാമും ആരംഭിച്ചിരിയ്ക്കുകയാണ്.
വെര്‍ട്ടിസ് സെഡാന് അടുത്തിടെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്'സിലും ഇടം നേടിയിരുന്നു. ഒരു ഡീലര്‍ഷിപ്പില്‍ നിന്ന് ഒരു ദിവസം 150 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന ഏക സെഡാന് എന്ന റെക്കോര്‍ഡാണ് വാഹനം സൃ്ഷ്ടിച്ചത്. ഫോക്സ്വാഗണ് ഇന്ത്യയുടെ കേരളത്തിലെ ഡീലര്‍ പങ്കാളിയായ EVM മോട്ടോര്‍സ് ആന്‍ഡ് വെഹിക്കിള്‍സാണ് ഈ റെക്കോര്‍ഡ് ബ്രാന്‍ഡിന് സമ്മാനിച്ചത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയെ പിന്‍വലിച്ച ശേഷമാണ് വെര്‍ട്ടിസിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വെന്റോയെക്കാള്‍ വലുതും പ്രീമിയം മോഡലുമായിട്ടാണ് വെര്‍ട്ടിസ് എത്തുന്നത്. പ്രാരംഭ പതിപ്പിന് 11.21 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 17.91 ലക്ഷം രൂപയുമാണ് വിപണിയില്‍ എക്സ്ഷോറൂം വില.
115 bhp കരുത്തും 178 Nm torque ഉം നല്കുന്ന 1.0-ലിറ്റര്‍ TSI ത്രീ-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിലാണ് വെര്‍ട്ടിസ് ശ്രേണി ആരംഭിക്കുന്നത്, അത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കായി ജോടിയാക്കുന്നു. കൂടുതല്‍ ശക്തമായ 150 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്കുന്ന 1.5-ലിറ്റര്‍ TSI ഫോര്‍-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു.
7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് മാത്രമേ ഇത് ലഭ്യമാകൂ. ഇന്ന് വാങ്ങാന്‍ കഴിയുന്ന ഏറ്റവും വലിയ മിഡ്-സൈസ് സഡാനാണ് വെര്‍ട്ടിസ്. ഇതിന്റെ നീളം 4,651 mm ആണ്. ഉയരം 1,507 mm, വീതി 1,752 mm. 2651 mm വീല്‍ബേസും വാഹനത്തിന് ലഭിക്കുന്നു. കളര്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, കുര്‍ക്കുമ യെല്ലോ, റിഫ്ലെക്സ് സില്‍വര്‍, റൈസിംഗ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ 6 വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്.






