ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട് ടിവി വണ്‍പ്ലസ് ടിവി 50 ഇഞ്ച് വൈ1എസ് പ്രോ അവതരിപ്പിച്ചു. വണ്‍പ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോയുടെ ഇന്ത്യയിലെ വില 32,999 രൂപയാണ്. ജൂലൈ 7 മുതല്‍ ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോറുകള്‍, പ്രധാന ഓഫ്ലൈന് സ്റ്റോറുകള്‍ വഴി വാങ്ങാം.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി ആക്സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പുതിയ വണ്‍പ്ലസ് ടിവികള്‍ വാങ്ങുമ്പോള്‍ 3,000 രൂപ ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും. ആമസോണിലെ പ്രധാന ബാങ്ക് ഇടപാടുകളിലുടനീളം 9 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ആമസോണ്‍.ഇന്‍-ല്‍ നിന്ന് വണ്‍പ്ലസ് ടിവി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 12 മാസത്തെ കോംപ്ലിമെന്ററി ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും ലഭിക്കും.
വണ്‍പ്ലസ് ടിവി 50 ഇഞ്ച് വൈ1എസ് പ്രോയ്ക്ക് 4K ഡിസ്പ്ലേയുണ്ട്. പുതിയ വേരിയന്റില്‍ 4K യുഎച്ച്ഡി ഡിസ്പ്ലേ, ഓട്ടോ ലോ ലേറ്റന്‍സി മോഡ് (ALLM), മെംക് (MEMC) ഉള്ള ഗാമാ എന്ജിന് തുടങ്ങിയവയുണ്ട്. വണ്‍പ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോയ്ക്ക് അപ്ഗ്രേഡു ചെയ്ത 4K യുഎച്ച്ഡി ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 10-ബിറ്റ് കളര്‍ ഡെപ്ത് ഫീച്ചറിനൊപ്പം 50 ഇഞ്ച് പാനല്‍ ഒരു ബില്യണിലധികം നിറങ്ങളെ പിന്തുണയ്ക്കുന്നു. HDR10+, HDR10, കൂടാതെ HLG ഫോര്‍മാറ്റ് എന്നിവയ്ക്കുള്ള പിന്തുണയോടെയാണ് ഇത് വരുന്നത്. 24W ഔട്ട്പുട്ടുള്ള രണ്ട് സ്പീക്കറുകളും ഇതിലുണ്ട്.
ഗെയിമുകള്‍ കളിക്കുമ്പോള്‍ സ്മാര്‍ട് ടിവി ഓട്ടോ ലോ ലേറ്റന്‍സി മോഡിനെ പിന്തുണയ്ക്കും. കൂടാതെ മള്‍ട്ടികാസ്റ്റ്, ഗൂഗിള്‍ ഡ്യുവോ പിന്തുണ എന്നിവയും വണ്‍പ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോ അവതരിപ്പിക്കുന്നു. ആരോഗ്യകരമായ ഡിജിറ്റല്‍ ജീവിതം നില നിര്‍ത്തുന്നതിന് പ്രത്യേക 'വാച്ച് ടൈം ലിമിറ്റേഷന്‍' ഫീച്ചര്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ ടിവി കാണുന്ന സമയം ക്രമീകരിക്കാനും കഴിയും. ടിവി ഓണാക്കാനും ഓഫാക്കാനും ഉപയോക്താക്കള്‍ക്ക് വണ്‍പ്ലസ് വാച്ച് അവരുടെ വണ്‍പ്ലസ് ടിവി 50-ഇഞ്ച് വൈ1എസ് പ്രോയുമായി ലിങ്ക് ചെയ്യാനും കഴിയും. ഉപയോക്താവ് ഉറങ്ങിപ്പോയി എന്ന് വണ്‍പ്ലസ് വാച്ച് മനസ്സിലാക്കുമ്പോള്‍ സ്മാര്‍ട് സ്ലീപ് കണ്ട്രോള് ഫീച്ചര്‍ വഴി ഉടന്‍ തന്നെ വണ്‍പ്ലസ് ടിവി സ്വിച്ച് ഓഫ് ചെയ്യും.






