കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന പുലിമുരുകന് തെലുങ്കിലും മികച്ച പ്രതികരണം. പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മന്യംപുലി ആദ്യദിന കളക്ഷനില്‍ പുലിമുരുകനെയും കടത്തിവെട്ടി. തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മന്യംപുലിയുടെ ആദ്യദിന കളക്ഷന്‍ അഞ്ച് കോടി രൂപ കവിഞ്ഞു. പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍ 4.06 കോടി രൂപയായിരുന്നു.
ഒരു മലയാള ചിത്രത്തിന്റെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് പുലിമുരുകന് ലഭിച്ചത്. ഒക്ടോബര്‍ ഏഴിന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 331 സ്ക്രീനുകളിലാണ് പുലിമുരുകന് പ്രദര്‍ശനത്തിന് എത്തിയത്. ഈ വെള്ളിയാഴ്ച റിലീസ് ചെയ്ത മന്യംപുലി 350 സ്ക്രീനുകളിലാണ് എത്തിയത്. വെള്ളിയാഴ്ച മാത്രം ചിത്രം 5 കോടി രൂപ കളക്റ്റ് ചെയ്തതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്യംപുലിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ശനിയാഴ്ച ഹൈദരാബാദിലെയും സമീപ നഗരങ്ങളിലെയും തീയറ്ററുകളില്‍ മാത്രം മന്യംപുലിക്ക് 80 പ്രദര്‍ശനങ്ങളുണ്ടായിരുന്നു. തെലുങ്ക് താരമായ ജഗപതി ബാബുവിന്റെ സാന്നിധ്യവും തെലുങ്കിലെ മോഹന്‍ലാലിന്റെ ജനപ്രീതിയുമാണ് ചിത്രത്തിന് ലഭിച്ച വന്‍ സ്വീകരണത്തിന് കാരണം.






