തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. രാവിലെ വിളപ്പിന്‍ശാല ഇ.എം.എസ് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയെ ആണ് വഴിയില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലൂടെ ബൈക്കില്‍ പോയതിന് കോണ്‍ഗ്രസ് മനതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാവ് എം.ആര് ബൈജുവും സഹയാത്രികനും മണ്ഡലം പ്രസിഡന്റുമായ സത്യദാസും ആണ് കസ്റ്റഡിയിലായത്. പോലീസിന്റെ വിലക്ക് ലംഘിച്ചു ബൈക്കില്‍ സഞ്ചരിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഇന്ന് മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം റൂറലിലെ മുഴുവന്‍ സ്റ്റേഷനിലെ പോലീസുകാരും വാഹനങ്ങളും മുഖ്യമ്രന്തി കടന്നുപോകുന്ന വിളപ്പിന്‍ശാല റൂട്ടില്‍ സുരക്ഷാ ഡ്യുട്ടിയിലുണ്ടായിരുന്നു. 1000 ഓളം പോലീസുകാരാണ് ഡ്യുട്ടിയിലുണ്ടായിരുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.






