
കോഴിക്കോട്: വാഹനാപകട കേസില്‍ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ഇന്നലെ രാത്രി വടകര പോലീസ് കസ്റ്റഡിയിലെടുത്ത കല്ലേലി സ്വദേശി സജീവന്‍ എന്നയാളാണ് സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണത്. എന്നാല്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല. പുലര്‍ച്ചെ 2.30 ഓടെ സജീവന്‍ ബോധരഹിതനായി കിടക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍മാരാണ് ഒരു ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വച്ച് മരണമടഞ്ഞ സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തും. മജിസ്റ്റീരിയല്‍ അന്വേഷണവും ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. ഡി.വൈ.എസ്.പി ആര്‍.ഹരിദാസനാണ് അന്വേഷണ ചുമതല.
അതേസമയം, സജീവന്റേത് കസ്റ്റഡി മരണമാണെന്നും സ്‌റ്റേഷനില്‍ നെഞ്ചുവേദന അനുഭവപ്പെട്ട സജീവനെ പോലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുടുംബം ആരോപിച്ചു. നെഞ്ചുവേദന അനുഭവപ്പെടുന്ന കാര്യം പോലീസിനെ അറിയിച്ചുവെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ല. സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണിട്ടും പോലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യറായില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ സജീവനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസ് നിലപാട്. അപകടസ്ഥലത്ത് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അതിനു കഴിയാതെ വന്നതോടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ സജീവനേയും സുഹൃത്തിനെയും രാത്രി 12.45 ഓടെ മടക്കി അയച്ചുവെങ്കിലും ഗേറ്റിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നു.
എന്നാല്‍ സജീവനെ സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐയും മറ്റൊരു പോലീസുകാരനും മര്‍ദ്ദിച്ചുവെന്നും സ്റ്റേഷനു പുറത്തുവച്ചും മര്‍ദ്ദിച്ചുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ട സജീവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താന്‍ തയ്യാറായെങ്കിലും കസ്ററ്ഡിയില്‍ എടുത്ത കാര്‍ വിട്ടുനല്‍കാന്‍ പോലീസ് തയ്യാറായില്ലെന്നും സുഹൃത്ത് പറഞ്ഞു. അരമണിക്കൂര്‍ എങ്കിലും മുന്‍പേ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സജീവന്റെ കാറും മറ്റൊരു കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.






