
ജോക്വിൻ ഫീനിക്സ് നായകനാകുന്ന ചിത്രം 'ജോക്കർ' രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു. ഫീനിക്സിന്റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സംഗീതത്തിന് ഏറെ പ്രധാനയമുള്ള സിനിമയിൽ ഹാർലി ക്വിൻ ആയാണ് ലേഡി ഗാഗ എത്തുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾ പിന്നിടുമ്പോൾ ടീസറിന് മികച്ച പ്രതികരണം തന്നെ ലഭിക്കുന്നുണ്ട്. ലേഡി ഗാഗയ്ക്ക് സിനിമയിലൂടെ ഓസ്കാർ അവാർഡ് ലഭിക്കും എന്ന് ആരാധകർ കമന്റ് ചെയ്യുന്നു.
ഡിസി കോമിക്ക്സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോമിക്ക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാർലി ക്വിൻ. അർഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാർട്ടിസ്റ്റായ ക്വിൻ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുകയും ചെയ്യുന്നു.
ഡിസിഇയു സിനിമകളിൽ മാർഗോട്ട് റോബിയാണ് ഹാർലി ക്വിന്നിനെ അവതരിപ്പിക്കുന്നത്. കഥാപാത്രമായുള്ള റോബിയുടെ പ്രകടനത്തിന് ഏറെ പ്രശംസയും ലഭിക്കുന്നുണ്ട്. ജെയിംസ് ഗണ്ണിന്റെ 2021-ൽ പുറത്തിറങ്ങിയ 'ദി സൂയിസൈഡ് സ്ക്വാഡ്' എന്ന ചിത്രത്തിലാണ് നടി അവസാനമായി ക്വിന്നിനെ അവതരിപ്പിച്ചത്. 'ജോക്കർ: ഫോളി എ ഡ്യൂക്സ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമ 2024 ഒക്ടോബർ നാലാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ടോഡ് ഫിലിപ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ൽ പുറത്തിറങ്ങിയ 'ജോക്കർ' ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോതം സിറ്റിയിലുള്ള ആർതർ ഫ്ലെക്ക് എന്ന സ്റ്റാൻഡ് അപ്പ് ഹാസ്യനടൻ എങ്ങനെ ജോക്കർ എന്ന സൂപ്പർവില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്.






