കേരളത്തിലെ ഉപയോക്താക്കള്‍ക്ക് ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ. റെനോ ഇന്ത്യയുടെ വാഹനനിരയിലെ എല്ലാ വാഹനങ്ങള്‍ക്കുമായാണ് നിര്‍മാതാക്കള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ച് മുതല്‍ 31 വരെയാണ് ഓഫറുകള്‍ നിലനില്‍ക്കുന്നത്. വിലക്കുറവിനൊപ്പം പ്രത്യേകം സമ്മാനങ്ങളും റെനോ നല്‍കുന്നുണ്ട്.
റെനോയുടെ എന്‍ട്രി ലെവല്‍ വാഹനമായ ക്വിഡ് ശ്രേണിയിലെ വാഹനങ്ങള്‍ക്ക് 35,000 രൂപ വരെയും എം.പി.വി. മോഡലായ ട്രൈബറിന് 45,000 രൂപയുടെയും ഇളവാണ് നല്കിയിരിയ്ക്കുന്നത്. കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നിവയുള്‍പ്പെടെയുള്ള റെനോ കാറുകളുടെ ഉപയോക്താക്കള്‍ക്ക് 65000 രൂപ വരെയുള്ള ലോയല്‍റ്റി ഓഫറും നല്‍കുന്നുണ്ട്. കോംപ്ലിമെന്ററി മെയിന്റനന്‍സ്, 3.99 ശതമാനം എന്ന പ്രത്യേക പലിശ നിരക്ക്, ക്യാഫ് ഓഫറുകള്‍ എന്നിങ്ങനെയാണ് ഈ ആനുകൂല്യങ്ങള്‍. മികച്ച വില്‍പ്പനാനന്തര സേവനങ്ങള്‍, ആക്സസറികള്‍, എ.എം.സി. ഈസി കെയര്‍ പാക്കേജ് എന്നിവയ്ക്കും പ്രത്യേക നിരക്കാണ് ഈടാക്കുന്നത്.
ഇവയ്ക്ക് പുറമെ, പഴയ കാറുകള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ റെനോ വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്കായും പ്രത്യേക ആനുകൂല്യം ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോര്‍പറേറ്റ് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.






