
ഫെരാരി നോര്‍ത്ത് അമേരിക്ക 23,555 കാറുകള്‍ തിരിച്ചു വിളിച്ചു. ഗുരുതരമായ ബ്രേക്ക് തകരാറിനെ തുടര്‍ന്ന് അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഇത്രയും കാറുകള്‍ തിരികെ വിളിച്ചത്. 2005 മുതല്‍ വില്പന നടത്തിയവയില്‍ ആകെ 19 മോഡലുകള്‍ക്കാണ് തകരാറുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരികെ വിളിച്ചത്. ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍ക്ക് ഒന്നും മരനെല്ലോയില് നിന്ന് ഇത്തരത്തില്‍ അറിയിപ്പുകള് ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ ഫെരാരി വക്താക്കള്‍ അവകാശപ്പെടുന്നത്.
ബ്രേക്ക് ഫ്ലുയിഡ് റിസര്‍വോയറിന്റെ അടപ്പിനു തകരാര്‍ സംഭവിച്ചിട്ടുള്ളതിനാല്‍ അപകടത്തിനു കാരണമാകാമെന്നാണ് ഫെരാരി അധികൃതര്‍ കണ്ടെത്തിയത്. റിസര്‍വോയറിനുള്ളില്‍ ചൂട് ബാധിക്കുന്നതോടെ വാക്വം രൂപപ്പെടുന്നതായും ഇതു മൂലം ബ്രേക്ക് ഫ്ലൂയിഡ് നഷ്ടപ്പെടാനോ ചോര്‍ച്ചയ്ക്കോ കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തന്മൂലം ബ്രേക്ക് ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടുമെന്നാണ് സൂചന. 2022 സെപ്റ്റംബര്‍ 24 മുതല്‍ ഉടമകള്‍ക്ക് ഔദ്യോഗികമായി അറിയിപ്പ് നല്‍കുമെന്നാണ് വക്താക്കള്‍ പറയുന്നത്.
എഫ്എഫ്, എഫ്8 ട്രിബ്യൂട്ടോ, പോര്‍ട്ടോഫിനോ, ലിമിറ്റഡ് മോഡലുകളായ ലാഫെരാരി എന്നിവ ഉള്‍പ്പെട്ട നീണ്ട നിര തന്നെയാണ് നോര്‍ത്ത് അമേരിക്കയില്‍ തിരികെ വിളിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി ഫെരാരി 458, 488 എന്നീ മോഡലുകളില്‍ ഇതേ വിധത്തില്‍ 10000 മോഡലുകള്‍ തിരികെ വിളിച്ചിരുന്നു.






