
പാസഞ്ചര്‍ കാര്‍ വിപണിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി പുതിയ കാര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഓല. 2024-ല്‍ പുതിയ വാഹനം വിപണിയിലെത്തും. ഒരു വട്ടം ഫുള്‍ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന കാറിന് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ നാല് സെക്കന്‍ഡ് മാത്രം മതി എന്നാണ് ഓല പറയുന്നത്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് കാറിന്. യു ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാംപും എല്‍ഇഡി ലൈറ്റ്ബാറും പിന്‍ഭാഗം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന എല്‍ഇഡി ടെയില്‍ ലാംപുമുണ്ട്. ഓലയുടെ ഒഎസ് ആയിരിക്കും കാറില്‍. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്ഡേറ്റുകള് ലഭിക്കും. സമ്പൂര്‍ണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്. ഏറ്റവും മികച്ച ഡ്രൈവ് അസിസ്റ്റ് സൗകര്യങ്ങളുള്ള കാറില്‍ താക്കോലും ഡോര്‍ ഹാന്‍ഡിലും ഉണ്ടാകില്ലെന്ന് ഓല ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഭവിഷ് അഗര്‍വാള്‍ പറയുന്നു.
വൈദ്യുത മോട്ടര്സൈക്കിളുകളുടെയും കാറുകളുടെയും വികസനത്തിനുള്ള പദ്ധതി ത്വരിതപ്പെടുത്താനായി സെപ്റ്റംബര്‍ ആദ്യം ഓല ഇലക്ട്രിക് 20 കോടി ഡോളര്‍ (ഏകദേശം 1,487 കോടി രൂപ) സമാഹരിച്ചിരുന്നു. 'മിഷന് ഇലക്ട്രിക്: 2025നു ശേഷം ഇന്ത്യയില്‍ പെട്രോള്‍ ഇരുചക്രവാഹനങ്ങളില്ല' എന്ന പദ്ധതിക്കു വേണ്ടിയാണ് അധിക മൂലധനം കണ്ടെത്തിയതെന്ന് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ട്വിറ്ററിലൂടെ ഇലക്ട്രിക് കാര്‍ പ്രോട്ടോടൈപ്പിന്റെ ചിത്രം ഭവിഷ് അഗര്‍വാള്‍ പങ്കുവച്ചിരുന്നു.






