
ലിവിങ് ടുഗതര്‍ ഏറ്റവും മനോഹരമായ അനുഭവമാണെന്നും അതിലൂടെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ ഒരുപാട് ഓര്‍മകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ബോളിവുഡ് താരം ആലിയ ഭട്ട്. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് താരം ലിവിങ് ടുഗതറിനെ കുറിച്ച് സംസാരിച്ചത്.
'നിങ്ങള്‍ക്ക് അതിന് കഴിയുമെങ്കില്‍, എന്തുകൊണ്ട് പാടില്ല? അതു വളരെ മികച്ച തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സമയം ലഭിലഭിക്കുന്നു. കൂടുതല്‍ കംഫര്‍ട്ടബ്ള്‍ ആകുന്നു. കല്ല്യാണം കഴിക്കേണ്ടിവരും എന്ന ചിന്തയുടെ സമ്മര്‍ദ്ദങ്ങളില്ലാതെ ഒരുപാട് മനോഹരമായ ഓര്‍മകള്‍ സമ്മാനിക്കുന്നു.' ആലിയ ഭട്ട് അഭിമുഖത്തില്‍ പറയുന്നു.
രണ്‍ബീര്‍ കപൂറുമായുള്ള ലിവിങ് ടുഗതറിനെ കുറിച്ചും ആലിയ മനസുതുറന്നു. 'ഞങ്ങള്‍ യഥാര്‍ഥത്തില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ശേഷമാണ് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ കോവിഡ് രൂക്ഷമായതോടെ വിവാഹം എന്നതെല്ലാം വിദൂരമായ കാര്യമായി. എന്നാലും ഞങ്ങളുടെ പ്ലാനുകള്‍ മാറ്റിയില്ല. ഒരുമിച്ചു ജീവിതം തുടര്‍ന്നു. അതിനുശേഷം സംഭവിക്കുന്നത് ഞങ്ങള്‍ പരിഹരിക്കും എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍'-ആലിയ ഭട്ട് പറയുന്നു.
നിയമപരമായി തന്റെ പേര് ആലിയ ഭട്ട് കപൂര്‍ എന്നാക്കി മാറ്റുമെന്നും താരം വ്യക്തമാക്കി. 'ഞാന്‍ നിയമപരമായി പേര് മാറ്റും. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നു. ഇനി ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ കപൂര്മാര്ക്കിടയില് ഭട്ട് ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒഴിവാക്കപ്പെട്ടതായി തോന്നാന്‍ ആഗ്രഹിക്കുന്നില്ല'- ആലിയ പറയുന്നു. എന്നാല്‍ സ്ക്രീനില്‍ തന്റെ പേര് ആലിയ ഭട്ട് എന്നു തന്നെ ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്‍ബീര്‍ കപൂര്‍ തന്റെ പാസ്പോര്ട്ടില് വൈവാഹിക നില 'വിവാഹിതന്' എന്ന് മാറ്റിയിട്ടുണ്ട്. വിവാഹശേഷമുണ്ടായ നിരന്തരമായ യാത്രകളും ജോലിയും കാരണം അതിനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്നും ആലിയ വെളിപ്പെടുത്തി. ഈ വര്‍ഷം ഏപ്രില്‍ 14-നാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. ജൂണില്‍ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയും ആലിയ ആരാധകരുമായി പങ്കുവെച്ചു. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു ഇരുവരുടേയും പ്രണയം തുടങ്ങുന്നത്.






