കണ്ണൂര്‍: ഫര്‍ണിച്ചര്‍ വ്യവസായത്തിന് നഗരസഭ അനുമതി നിഷേധിച്ചതോടെ നാടുവിട്ട വ്യവസായ ദമ്പതികളായ രാജ് കബീറിനെയും ഭാര്യ ശ്രീവിദ്യയേയും പോലീസ് കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലൂണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെയെത്തിയ പോലീസ് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം രാവിലെ 10.30 ഓടെ ഇവരുമായി തലശേരിയിലെത്തി. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, പറയാനുള്ളത് ഇന്നലെ പറഞ്ഞുവെന്നും എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ വന്നു നോക്കണമെന്നും രാജ് കബീര്‍ പറഞ്ഞു. വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ വ്യവസായി മന്ത്രിയും സഹായിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി വന്നിട്ടും നഗരസഭ അനുമതി നല്‍കിയില്ല. താന്‍ ഭൂമി കൈയേറിയിട്ടില്ല. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമുള്ള പിഴ തുക അടച്ചിട്ടും സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ നഗരസഭ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നല്‍ അവരെ ദ്രോഹിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നഗരസഭ അധ്യക്ഷ ജമുനാ റാണി പറയുന്നു. അനധികൃത കയ്യേറ്റം കണ്ടതോടെ നോട്ടീസ് നല്‍കിയിരുന്നു. പിഴ തുക അടച്ചതോടെ തുടന്നുപ്രവര്ത്തിക്കാന് അനുമതി നല്‍കുകയായിരുന്നുവെന്നും അധ്യക്ഷ പറയുന്നു. നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാന്‍ വേണ്ടിയാണ് വ്യവസായി രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിട്ടതെന്ന് ജമുനാ റാണി പറഞ്ഞു. സ്ഥാപനത്തിന് മുന്നില്‍ ഷീറ്റ് ഇട്ടതിനാണ് നാലര ലക്ഷം രൂപ പിഴയിട്ടത്. ഭരണ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ വ്യവസായി നടത്തുന്നത്. വ്യവസായ വകുപ്പ് ഈ വിഷയത്തില്‍ ഒരു സംഭാഷണവും നഗരസഭയുമായി നടത്തിയിട്ടില്ല എന്നും ജമുനാ റാണി പറയുന്നു.
രാജ് കബീറും ഭാര്യ ശ്രിദിവ്യയും 2006 ലാണ് തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. പണിതീര്‍ത്ത സാധനങ്ങള്‍ ഇറക്കി വെക്കാന്‍ 2018 ല്‍ സ്ഥാപനത്തിന് മുന്നില്‍ സിങ്ക് ഷീറ്റ് ഇട്ടു. ഇത് അനധികൃത നിര്‍മാണമാണെന്നും പിഴയായി നാലലക്ഷത്തി പതിനേഴായിരം ഒടുക്കണമെന്നും തലശ്ശേരി നഗരസഭ ആവശ്യപ്പെട്ടു. കൊവിഡില്‍ പ്രതിസന്ധിയിലാണെന്നും പിഴ തുക കുറക്കണമെന്നും അഭ്യര്‍ത്ഥിച്ച് പലതവണ രാജ് കബീര്‍ സമീപിച്ചെങ്കിലും ജൂലൈ 27 സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി രാജ് കബീര്‍ അനുകൂല വിധി നേടി.പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവര്‍ത്തിക്കാം എന്നായിരുന്നു ഉത്തരവ്. പക്ഷെ നഗരസഭ സ്ഥാപനം തുറന്ന് നല്‍കാതെ സംരംഭകരെ പിന്നെയും ബുദ്ധിമുട്ടിലാക്കി.
ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് നഗരസഭയ്ക്കെതിരെ കത്തെഴുതിയ ശേഷം ദമ്പതികള്‍ നാടുവിട്ടത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്
ഈ ദമ്പതികളുടെ മകന് ദേവദത്തനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച യുവ സംരഭകനുള്ള പുരസ്കാരം. ദേവദത്തന്റെ പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റിനാണ് സംസ്ഥാന സര്‍ക്കാരിന്റെ നാല് ലക്ഷം രൂപയുടെ പുരസ്താരമാണ് ലഭിച്ചത്. തലശ്ശേരിയിലെ വ്യവസായ സ്ഥാപനം ഒഴിപ്പിക്കാനുള്ള നീക്കമാണ് നഗരസഭയുടേതെന്നാണ് രാജ് കബീറിന്റെ കുടുംബം ആരോപിക്കുന്നു. ഭൂമി മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭീമമായ പിഴയിടല്‍. ശക്തമായ ഭീഷണിയും സമ്മര്‍ദവും താങ്ങാനാകാതെയാണ് രാജ്കബീറും ഭാര്യയും നാട് വിട്ടതെന്ന് സഹോദരന് രാജേന്ദ്രന് തായാട്ട് ആരോപിച്ചു.






