
മലയാള സിനിമയുടെ സെല്ലുലോയിഡിലെ ഗർജിക്കുന്ന പൗരുഷമായ ബാലൻ കെ നായർ വിട വാങ്ങിയിട്ട് 2022 ആഗസ്റ്റ് 26 ന് ഇരുപത്തി രണ്ട് വർഷം തികയുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ കോഴിക്കോട് കൊയ്ലാണ്ടിയിലെ ചേമഞ്ചേരി ഇടക്കുളം കരുണാട്ടു വീട്ടിൽ കുട്ടിരാമൻ നായരുടേയും ദേവകി അമ്മയുടേയും മകനായി 1933 ഏപ്രിൽ 4 നാണ് ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ നായരുടെ ജനനം. ബാല്യത്തിലെ മാതാ പിതാക്കൾ നഷ്ടപ്പെട്ട ആ ബാലൻ എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ഉപജീവനം തുടരുകയായിരുന്നു.
കലയുടെ പാരമ്പര്യം പേറുന്ന ചേമഞ്ചേരിയുടെ പുത്രൻ പതിനാലാമത്തെ വയസ്സ് മുതൽ നാടക രചനയിൽ വ്യാപൃതനായി. പകൽ അന്തിയോളം സ്വന്തമായി നടത്തുന്ന വർക്ക് ഷോപ്പിൽ ജോലിയും രാത്രി കാലങ്ങളിൽ നാടക റിഹേഴ്സൽ ക്യാംപുകളിലെ പഠനവുമായി കോഴിക്കോട് നാടക വേദികളിൽ സജീവമായി. പതിനഞ്ചോളം നാടകങ്ങൾ എഴുതുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുള്ള ബാലകൃഷ്ണൻ നായർ, സുബാഷ് തിയറ്റർ എന്ന പേരിൽ സ്വന്തമായി ഒരു നാടക സമിതി രൂപീകരിച്ചപ്പോൾ തന്റെ പേര് ബാലൻ കെ നായർ എന്നാക്കി ചുരുക്കി.
കോഴിക്കോടൻ നാടക സമിതികളായ യു. ഡി. എ. എക്സ്പെരിമെന്റൽ തിയറ്റേഴ്സ്, കോഴിക്കോട് കല, സംഗമം തിയറ്റേഴ്സ്, ദേശപോഷിണി കലാസമിതി തുടങ്ങിയവയിലെല്ലാം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 1960 കളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞ് കളിച്ച സൃഷ്ടി, ഒഥല്ലോ, ഈഡിപ്പസ്, ഉടഞ്ഞ വിഗ്രഹങ്ങൾ എന്നീ നാടകങ്ങളുടെ ജനശ്രദ്ധ ബാലൻ കെ. നായരുടെ സമാനതകളില്ലാത്ത പ്രകടനം ഒന്ന് കൊണ്ട് മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകൻ എന്ന് വിശേഷിപ്പിക്കുന്ന ദേവ് ആനന്ദിന്റെ ഡ്യൂപ്പായി, 1969 ൽ പുറത്തിറങ്ങിയ സർഹദ് എന്ന ചലച്ചിത്രത്തിലുടെയായിരുന്നു ബാലൻ കെ നായരുടെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. 1970 ൽ പുറത്തിറങ്ങിയ സുപ്രിയക്ക് വേണ്ടി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ വിൻസെൻറ് മാഷ് സംവിധാനം ചെയ്ത നിഴലാട്ടം എന്ന ചിത്രത്തില്ലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചു. ഇതേ തുടർന്ന് എം. കൃഷ്ണൻ നായരുടെ ശബരിമല ശ്രീ ധർമ്മശാസ്താവിൽ മുഖം കാണിച്ചു. തുടർന്ന് പി. എൻ. മേനോന്റെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായപ്പോൾ നാടക വേദികളിൽ നിന്നും രാകിമിനുക്കിയ അഭിനയകല വെള്ളിത്തിരയിലെ ഭാവ പകർച്ചകൾക്ക് തീക്ഷണത കൂട്ടി.






