
ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് ഏകദേശം 2000 പഴ്സണല്‍ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. സുരക്ഷാ കാരണങ്ങളാലാണ് ഈ ആപ്പുകള്‍ നീക്കം ചെയ്തതെന്ന് ഗൂഗിള്‍. പ്രാദേശിക റിപ്പോര്‍ട്ടിന്റെയും ഉപയോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തില്‍ പഴ്സണല്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിള്‍ പ്ലേ നയങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയാണെന്ന് പുതിയ പ്ലേ സ്റ്റോര്‍ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് സംസാരിക്കവെ ഗൂഗിള്‍ ഏഷ്യ-പസിഫിക് ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ സീനിയര്‍ ഡയറക്ടറും തലവനുമായ സൈകത് മിത്ര പറഞ്ഞു.
പണമിടപാട് വിഭാഗത്തിലെ മൊത്തം ആപ്പുകളിലെ പകുതിയിലധികം വരും നീക്കം ചെയ്ത ആപ്പുകളെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കടം വാങ്ങുന്നവരെ ഉപദ്രവിക്കല്‍, ബ്ലാക്ക്മെയിലിങ്, കൊള്ളയടിക്കുന്ന പണമിടപാട് എന്നിവയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ അനിയന്ത്രിതമായ വായ്പാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടു വന്നതിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യയില്‍ ലോണ്‍ നല്കുന്ന ആപ്പുകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ തുടങ്ങിയത്. ഇത്തരം ആപ്പുകള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഇതിനാല്‍ നിയമപാലകരുമായി കൂടിയാലോചിച്ച ശേഷമാണ് അവ നീക്കം ചെയ്യാന്‍ കമ്പനി തീരുമാനിച്ചതെന്നും മിത്ര വ്യക്തമാക്കി.
ആപ്പുകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവലോകനം ചെയ്യാറുണ്ടെന്നും എന്നാല്‍ ലോണ്‍ ആപ്പുകളുടെ കാര്യത്തില്‍ ഇന്റര്‍നെറ്റ് ലോകത്തിന് പുറത്ത് ധാരാളം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മിത്ര വെളിപ്പെടുത്തി. ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ ലോണ്‍ ആപ്പുകള്‍ ഇല്ലെന്നും മിത്ര കൂട്ടിച്ചേര്‍ത്തു. പ്ലേ സ്റ്റോറിനു പ്രശ്നമില്ലെന്ന് തോന്നുന്ന ലോണ്‍ ആപ്പുകള്‍ പോലും പുറത്ത് ഉപയോക്താക്കള്‍ക്ക് ഭീഷണിയായേക്കാം. എന്നാല്‍, നല്ല ആപ്പുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.






