
വാഹനം കൃത്യമായും സുരക്ഷിതമായും പാര്‍ക്ക് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സുരക്ഷിതമായ രീതിയില്‍ ഏറ്റവും കുറഞ്ഞ അകലത്തില്‍ ഇലക്ട്രിക് കാര്‍ പാര്‍ക്കു ചെയ്തതിന്റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പോള്‍ സ്വിഫ്റ്റ്. മുന്നിലും പിന്നിലുമുള്ള വാഹനങ്ങളില്‍ നിന്നു പരമാവധി എത്ര കുറഞ്ഞ അകലത്തില്‍ പാര്‍ക്കു ചെയ്യാനാകുമെന്ന കഴിവിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരമാണ് പോള്‍ സ്വിഫ്റ്റ് നേടിയെടുത്തത്.
മിനി കൂപ്പര്കാറുകള്ക്കിടയിലേക്കാണ് ഇലക്ട്രിക് കാര്‍ പോള്‍ സ്വിഫ്റ്റ് ഡ്രിഫ്റ്റു ചെയ്തു കയറ്റിയത്. ബ്രിട്ടീഷ് കാര്‍ ഷോയുടെ ആദ്യ ദിനത്തിലായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. പാര്‍ക്കു ചെയ്ത കാറും മറ്റു കാറുകള്‍ക്കുമിടയില്‍ ആകെ 13.8 ഇഞ്ച് മാത്രമായിരുന്നു അകലം. 'രണ്ട് കാറുകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ അകലത്തില്‍ പാര്‍ക്കു ചെയ്യുകയെന്നതാണ് വെല്ലുവിളി. ഒരേ നിരയില്‍ ഇങ്ങനെ കാര്‍ പാര്‍ക്കു ചെയ്യുന്നതിന് അസാമാന്യ ഡ്രൈവിങ് വൈദഗ്ധ്യം വേണം' - ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഷോയുടെ നാലാം ദിനത്തില്‍ വീണ്ടുമൊരു റെക്കോര്‍ഡു ശ്രമം കൂടി പോള്‍ നടത്തി. ഇത്തവണ 11.8 ഇഞ്ച് മാത്രമായിരുന്നു പാര്‍ക്കു ചെയ്ത കാറും മറ്റു കാറുകളും തമ്മിലുള്ള അകലം. 'ഞാനൊരു ഇലപോലെ വിറക്കുകയായിരുന്നു' - രണ്ടാം റെക്കോഡ് ശ്രമത്തിനു ശേഷമുള്ള തന്റെ അവസ്ഥയെ കുറിച്ച് പോള്‍ സ്വിഫ്റ്റ് പറഞ്ഞു.
മറ്റൊരു റെക്കോര്‍ഡിനും പോള്‍ സ്വിഫ്റ്റ് ശ്രമിച്ചു. ഒറ്റ ചക്രത്തില്‍ വട്ടം കറങ്ങുന്ന ബൈക്കിനു ചുറ്റും എത്ര തവണ അതിവേഗം കറങ്ങുമെന്നതായിരുന്നു റെക്കോര്‍ഡ് ശ്രമം. എട്ട് തവണയാണ് പോള്‍ സ്വിഫ്റ്റിന്റെ ഫോര്‍ഡ് മഷ്താഗ് ബൈക്കിന് ചുറ്റും വേഗത്തില്‍ കറങ്ങിയത്. ഈ ലോക റെക്കോര്‍ഡ് പിന്നീട് പത്തു തവണയാക്കി പോള്‍ തിരുത്തി കുറിക്കുക കൂടി ചെയ്തു.






