
ഏറ്റവും പുതിയ Q3 പ്രീമിയം കോംപാക്ട് എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ച് ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി. രണ്ട് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 44.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്. അതേസമയം ടോപ്പ-എന്‍ഡ് വേരിയന്റായ ടെക്നോളജിക്ക് 50.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായാണ് ഔഡി Q3 അവതരിപ്പിച്ചിരിക്കുന്നത്.
വാഹനത്തിനായുള്ള ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രണ്ട് ലക്ഷം രൂപ ടോക്കണ്‍ തുകയ്ക്കാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നത്. ആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് 2+3 വര്‍ഷത്തെ വിപുലീകൃത വാറന്റിയുടെയും 3 വര്‍ഷം / 50,000 കിലോമീറ്റര്‍ സമഗ്ര സര്‍വീസ് പാക്കേജിന്റെയും അധിക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2022 അവസാനത്തോടെ മാത്രമേ പുതിയ Q3-യുടെ ഡെലിവറികള്‍ ആരംഭിക്കുകയുള്ളൂ.
നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന മോഡലിനെക്കാള്‍ വളരെ സ്പോര്‍ട്ടിയായിട്ടാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. വലിയ ഹെഡ്ലാമ്പുകള്‍, വശങ്ങളില് ചുരുട്ടിയ ബോഡി ലൈനുകള്‍, ഡിഫ്യൂസ്ഡ് ലൈറ്റിംഗോടുകൂടിയ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പനോരമിക് ഗ്ലാസ് സണ്‍ റൂഫ്, ജെസ്ചര്‍ കണ്ട്രോള് ടെയില്‍ ഗേറ്റ്, റീസ്റ്റൈല്‍ ചെയ്ത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍ എന്നിവയും അതിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്റെ ഭാഗമാണ്.
ഔഡി Q3 പ്രീമിയം പ്ലസ് വേരിയന്റിന് 45.72 cm (R18) 5-ആം സ്റ്റൈല്‍ അലോയ് വീലുകള്‍, ഒരു ക്വാട്രോ ഓള്-വീല്‍ ഡ്രൈവ് സിസ്റ്റം, ഉയര്‍ന്ന ഗ്ലോസ് സ്റ്റൈലിംഗ് പാക്കിംഗ്, ഹീറ്റഡ് പവര്‍ ഫോള്‍ഡിംഗ്, ഓട്ടോ ഡിമ്മിംഗ് എക്സ്റ്റീരിയര്‍ മിററുകള്‍ എന്നിവ ലഭിക്കുന്നു. ഔഡി വെര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ്, ഔഡി ഡ്രൈവ് സെലക്ട്, MMI ടച്ച് ഉള്ള MMI നാവിഗേഷന്‍ പ്ലസ്, 60 കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും പ്രീമിയം പ്ലസില്‍ കാണുന്ന എല്ലാ സവിശേഷതകളും ഔഡി Q3 ടെക്നോളജിക്കും ലഭിക്കുന്നു.
6 എയര്‍ബാഗുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ട്രാഫിക് ജാം അസിസ്റ്റ്, ഫ്രണ്ട് കൊളീഷന്‍ വാര്‍ണിംഗ് എന്നിവയ്ക്കൊപ്പം മെച്ചപ്പെടുത്തിയ സുരക്ഷാ ഉപകരണങ്ങളും ഔഡി Q3-ല്‍ കാണാന്‍ സാധിക്കും. പുതിയ എഞ്ചിന് സവിശേഷതകളിലേക്ക് വന്നാല്‍ 4,200 rpm-ല്‍ 190 bhp പവറും 1,500 rpm-ല്‍ 320 Nm ടോര്‍ക്കും നല്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് വഴിയാണ് ഔഡി Q3 എസ്യുവിക്ക് കരുത്ത് ലഭിക്കുന്നത്.






