ടാറ്റ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവി നിര്‍മാതാക്കളില്‍ ഒന്നാണ്. ടാറ്റ മോട്ടോര്‍സ് ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായ ഹാരിയറിന് ഇപ്പോള്‍ രണ്ട് പുതിയ വേരിയന്റുകള്‍ സമ്മാനിച്ചിരിക്കുകയാണ്. XMS, XMAS എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ കൂടിയാണ് വാഹന നിരയിലേക്ക് ചേര്‍ത്തിരിക്കുന്നത്. പ്രാരംഭ പതിപ്പിന് 17.20 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 18.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.
XMS മാനുവല്‍ വേരിയന്റ് എന്‍ട്രി ലെവല്‍ XE, XM എന്നിവയ്ക്ക് മുകളിലാണ് സ്ഥാനം പിടിക്കുന്നത്. അതേസമയം XMAS ഓട്ടോമാറ്റിക് ട്രിം ബേസ് XMA-യ്ക്ക് മുകളില്‍ ഇടംപിടിക്കുകയും ചെയ്യുന്നു. 2022 ടാറ്റ ഹാരിയര്‍ XMS, XMAS വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ്, എട്ട് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഡൈനാമിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം എഞ്ചിന് മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. ഹാരിയറില്‍ 2.0-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഫിയറ്റ്-സോഴ്സ്ഡ് ഡീസല്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് പരമാവധി 170 bhp പവര്‍ ഔട്ട്പുട്ടും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി പവര്‍ട്രെയിന്‍ ബന്ധിപ്പിച്ചിരിക്കുന്നു, അതേസമയം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി ലഭ്യമാണ്. നിലവില്‍ ഹാരിയറിന്റെ അടിസ്ഥാന വേരിയന്റിന് 14.69 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് മോഡലിന് 22.19 ലക്ഷം രൂപ വരെ എക്സ്ഷോറൂം വല ഉയരുകയും ചെയ്യുന്നു.






