
സമാന്ത നായികയായെത്തുന്ന ശാകുന്തളത്തിലെ ദുഷ്യന്തന്റെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാരാജാവിന് ജന്മദിനാശംസകള് നേരുന്നു’, ശാകുന്തളം ടീം സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ്. ഇവിടെ 'ദുഷ്യന്ത്' ആയി പ്രത്യക്ഷപ്പെടുന്നത് ദേവ് മോഹന്‍ ആണ്. 'സൂഫിയും സുജാത'യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനന്. ഗുണശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ശാകുന്തളം ' എന്ന ചിത്രത്തില്‍ ദേവ് മോഹന്‍ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്.
ദേവിന്റെ ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന്‍ ശാകുന്തളം ടീം ആവേശത്തോടെ ആശംസകള്‍ നേരുകയാണ്. നമ്മുടെ ഇന്ത്യന്‍ പുരാണ കഥകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ 'ശാകുന്തളം' മനോഹരവും ഗംഭീരവുമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സിജിഐ ഉപയോഗിക്കുന്നുമുണ്ട്.
മഹാനായ നാടകകൃത്ത് കാളിദാസന്റെ ക്ലാസിക്കല്‍ കൃതിയായ 'ശാകുന്തളം' അടിസ്ഥാനമാക്കി അതേ പേരില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സമാന്ത റൂത്ത് പ്രഭു, ദേവ് മോഹന്‍, മധുബാല, മോഹന്‍ ബാബു, സച്ചിന് ഖേദ്ക്കര്‍, ഗൗതമി, അദിതി ബാലന്, അനന്യ നാഗല്ല, കബീര്‍ ബേദി, അല്ലു അര്‍ഹ എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ശേഖര്‍ വി ജോസഫ് നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ഈ 'ശാകുന്തളം' നീലിമ ഗുണ നിര്‍മ്മിക്കുന്നു. സംഗീതം മണി ശര്‍മ്മ, കല അശോക്, പി ആര് ഓ ശബരി.






