വിപണിയില്‍ എത്തി അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹനം ആഭ്യന്തര വിപണിയില്‍ നാല് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് നെക്സോണ്‍ കോംപാക്ട് എസ്യുവി. ഈ പുതിയ നേട്ടത്തെ അനുസ്മരിച്ചു കൊണ്ട് അഞ്ച് സീറ്റര്‍ മോഡലിന്റെ 4,00,00-ാമത്തെ യൂണിറ്റ് ഇന്ന് മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ടാറ്റ പുറത്തിറക്കി. പ്രാദേശിക വാഹന നിര്‍മ്മാതാക്കള്‍ പുതിയ നെക്സോണ്‍ XZ+ (L) വേരിയന്റും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്, 11.37 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.
വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് സൗകര്യം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ തുടങ്ങിയ സവിശേഷതകള്‍ ഈ മോഡല്‍ നേടുന്നു. നെക്സോണ്‍ അതിന്റെ അരങ്ങേറ്റത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു, എന്നാല്‍ 2020 -ന്റെ തുടക്കത്തില്‍ ഫെയ്സ്ലിഫ്റ്റിന്റെ ലോഞ്ച് വരെ വാഹനത്തിന് അത്ര വലിയ ഒരു വളര്‍ച്ച ഉണ്ടായിരുന്നില്ല. ആദ്യമായി ലോഞ്ച് ചെയ്യുമ്പോള്‍ നെക്സോണിന് ഗ്ലോബല്‍ NCAP സുരക്ഷാ ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗായിരുന്നു. എന്നാല്‍ പില്കാലത്ത് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി മോഡല്‍ അതിന്റെ സേഫ്റ്റി ഫീച്ചര്‍ മെച്ചപ്പെടുത്തി. അതിനാല്‍ തന്നെ ഇന്ത്യയില്‍ 10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഇത് മാറി എന്നതാണ് ശ്രദ്ധേയം.
രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് നെക്സോണിന് കരുത്തേകുന്നത്: 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോളും 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ടര്‍ബോ ഡീസല്‍ എഞ്ചിനും ഇതില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ യൂണിറ്റ് പരമാവധി 120 PS പവറും 170 Nm പീക്ക് torque ഉം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ യൂണിറ്റ് 110 PS പവറും 260 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് സ്റ്റാന്‍ഡേര്‍ഡായി അല്ലെങ്കില്‍ ആറ് സ്പീഡ് AMT ഒരു ഓപ്ഷനുമായി പവര്‍ട്രെയിനുകളോട് കണക്ട് ചെയ്തിരിക്കുന്നു. 2,000 rpm വരെ കുറഞ്ഞ മസ്കുലാര്‍ torque വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓയില്‍ ബര്‍ണര്‍ പ്രത്യേകിച്ചും മികച്ച മൈലേജും കാഴ്ച്ച വെയ്ക്കുന്നു.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, iRA അടിസ്ഥാനമാക്കിയുള്ള കണക്റ്റഡ് ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, ക്രൂയിസ് കണ്ട്രോള്, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്, ഒന്നിലധികം എയര്‍ബാഗുകള്‍, ഡ്രൈവ് മോഡുകള്‍ എന്നിവയാണ് ടാറ്റ നെക്സോണിന്റെ പ്രധാന ഫീച്ചറുകള്‍.






