ഔഡി തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡലായ A4 സെഡാനെ പുതിയ നിറങ്ങളും സവിശേഷതകളുമായി പരിഷ്ക്കരിച്ച് അവതരിപ്പിച്ചു. നവീകരണങ്ങളുടെ ഭാഗമായി കാറിന്റെ മൂന്ന് വേരിയന്റുകളിലും ബ്രാന്‍ഡ് വില വര്‍ധനവും നടപ്പിലാക്കിയിട്ടുണ്ട്. 2022 സെപ്റ്റംബര്‍ 20 മുതല്‍ A4 5 സീറ്റര്‍ സെഡാനില്‍ പുതിയ നിറങ്ങളും ഫീച്ചറുകളും അവതരിപ്പിച്ച് ഔഡി ഇന്ത്യ ഇപ്പോള്‍ വില പുതുക്കുകയും ചെയ്തു. 6000 രൂപ മുതല്‍ 1,08,000 രൂപ വരെയാണ് ഔഡി ലക്ഷ്വറി സെഡാന് വില വര്‍ധിപ്പിച്ചിരിക്കുന്നത്.
നേരത്തെ 43,06,000 രൂപയായിരുന്ന ബേസ് പ്രീമിയം വേരിയന്റിന് ഇപ്പോള്‍ 6,000 രൂപ ഉയര്‍ന്ന് 43,12,000 രൂപയായി. A4 പ്രീമിയം പ്ലസ് വേരിയന്റ് ഇപ്പോള്‍ 47,27,000 രൂപയിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. നേരത്തെയുള്ള വിലയായ 47,18,000 രൂപയേക്കാള്‍ 9,000 രൂപ കൂടുതലാണിത്. സെഡാന്റെ ടെക്നോളജി വേരിയന്റിന് 1,08,000 രൂപ ഉയര്‍ന്ന് 50,99,000 രൂപ വരെയായി എക്സ്ഷോറൂം വില.വില വര്‍ധനയ്ക്കൊപ്പം ടാംഗോ റെഡ്, മാന്‍ഹട്ടന്‍ ഗ്രേ എന്നിവ ഉള്‍പ്പെടുന്ന A4-ല്‍ പുതിയ കളര്‍ ഓപ്ഷനുകളും ഔഡി അവതരിപ്പിച്ചു. മൈത്തോസ് ബ്ലാക്ക് മെറ്റാലിക്, ഫ്ലോററ്റ് സില്‍വര്‍ മെറ്റാലിക്, ടെറ ഗ്രേ മെറ്റാലിക്, ഐബിസ് വൈറ്റ്, നവര ബ്ലൂ മെറ്റാലിക് എന്നിവയുള്‍പ്പെടുന്ന നിറങ്ങള്‍ക്ക് പുറമേയാണ് ഈ നിറങ്ങള്‍ എത്തുന്നത്.
പുതിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഫീച്ചറുകളും A4 പ്രീമിയം സെഡാനില്‍ ഔഡി ചേര്‍ത്തിട്ടുണ്ട്. വിശാലവും പരന്നതുമായ ഡിസൈനിലുള്ള ഒരു പുതിയ ഫ്രണ്ട് ഗ്രില്‍, കാറിന്റെ വീതിയില്‍ പരന്നുകിടക്കുന്ന തിരശ്ചീന ലൈനുകള്‍ സഹിതം വശങ്ങളിലെ വ്യതിരിക്തമായ ലൈനുകള്‍ എന്നിവയെല്ലാമാണ് സ്റ്റൈലിംഗിനായി ഇടംപിടിച്ചിരിക്കുന്നത്. പുതുക്കിയ ഫീച്ചറുകളുടെ ഭാഗമായി ലെതറില്‍ പൊതിഞ്ഞ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും മള്‍ട്ടി-ഫംഗ്ഷനും ഔഡി കാറിന്റെ ഈ വേരിയന്റിന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഔഡി A4 സെഡാന് വലിയ MMI ടച്ച്സ്ക്രീന്‍ ഡിസ്പ്ലേയും ലഭിക്കുന്നു. ഈ സംവിധാനം സൗജന്യ ടെക്സ്റ്റ് ഇന്‍പുട്ടും സ്വാഭാവിക ഭാഷാ വോയ്സ് കണ്ട്രോളും അടിസ്ഥാനമാക്കിയുള്ളതാണ്.
7 സ്പീഡ് എസ് ട്രോണിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 2.0 ടിഎഫ്എസ്ഐ എഞ്ചിനാണ് ഔഡി A4 സെഡാന് തുടിപ്പേകുന്നത്. ഇത് പരമാവധി 190 bhp കരുത്തില്‍ 320 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. അതേസമയം മോഡലിന്റെ പരമാവധി വേഗത 241 കിലോമീറ്ററാണ്. മികച്ച ഇന്ധനക്ഷമത കൈവരിക്കാന്‍ അനുവദിക്കുന്ന 12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. ഈ ഹൈബ്രിഡ് സിസ്റ്റത്തിന് ഒരു ബെല്‍റ്റ് ആള്‍ട്ടര്‍നേറ്റര്‍ സ്റ്റാര്‍ട്ടറാണ് ഔഡി അവതരിപ്പിക്കുന്നത്. അത് മണിക്കൂറില്‍ 55 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ 10 സെക്കന്‍ഡ് വരെ എത്തുമ്പോള്‍ എഞ്ചിന് ഓഫ് ചെയ്യും.






