നടന് ചിമ്പുവിന് ടൊയോട്ട വെല്‍ഫയറും സംവിധായകന് ഗൗതം മേനോന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനിച്ച് നിര്‍മാതാവ് ഐശ്വരി കെ.ഗണേഷ്. വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് വാഹനങ്ങള്‍ സമ്മാനിച്ചത്. ഇരുവര്‍ക്കും വാഹനം സമ്മാനിക്കുന്നതിന്റെ വിഡിയോയും വേല് ഫിലിംസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ ചെന്നൈ എക്സ്ഷോറൂം വില 92.60 ലക്ഷം രൂപയാണ്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് കൂടാതെ മുന്‍ പിന് ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് ഇന്ധനക്ഷമത.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ സിഗ്നല്‍ മാര്‍ഷ് ഗ്രേ പതിപ്പാണ് ഗൗതം മേനോന് സമ്മാനിച്ചത്. 2.07 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 349 സിസി എന്‍ജിനാണ് ക്ലാസിക്കില്‍. 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്.






