ഇന്ത്യയില്‍ എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ ടാബ്ലെറ്റ് അവതരിപ്പിച്ചു. ഇത് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് വരുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 11,799 രൂപയും 4 ജിബി, 64 ജിബി സ്റ്റോറേജിന് 12,799 രൂപയുമാണ് വില. പുതിയ നോക്കിയ ടി10 ടാബ്ലെറ്റ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോക്കിയ ടി20 യുടെ പരിഷ്കരിച്ച പതിപ്പാണ്. ആമസോണിലും നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും പുതിയ മോഡല്‍ വാങ്ങാം.
കുറഞ്ഞ വിലയ്ക്ക് ടാബ്ലെറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതിനാല്‍ മിതമായ ഫീച്ചറുകളോടെയാണ് നോക്കിയ ടി10 ടാബ്ലെറ്റ് വരുന്നത്. ഇതില്‍ ഒരു കോംപാക്റ്റ് 8 ഇഞ്ച് സ്ക്രീന്‍ പായ്ക്ക് ചെയ്യുന്നു. ഇത് ചില ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. ഇത് ടാബ്ലെറ്റിനെ കൂടുതല്‍ പോര്‍ട്ടബിള്‍ ആക്കുകയും ചെയ്യുന്നു. ഡിസൈന്റെ കാര്യത്തില്‍ നോക്കിയ ടി10, ടി20 സമാനമായി കാണപ്പെടുന്നു. ടി10 ന് മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ കോംപാക്റ്റ് സ്ക്രീന്‍ ഉണ്ട്. 10.4 ഇഞ്ച് ഡിസ്പ്ലേയ്ക്ക് പകരം 8 ഇഞ്ച് ഡിസ്പ്ലേയിലാണ് ഇപ്പോള്‍ വരുന്നത്. ജൂലൈയിലാണ് നോക്കിയ ടി10 ആദ്യമായി അവതരിപ്പിച്ചത്.
ടാബ്ലെറ്റില്‍ യുണിസോക് ടി606 ആണ് പ്രോസസര്‍. ആന്‍ഡ്രോയിഡ് 12 ആണ് ഒഎസ്. 8 ഇഞ്ച് ഡിസ്പ്ലേയ്ക്ക് 450നിറ്റ്സ് ബ്രൈറ്റ്നസുള്ള ഫുള്‍-എച്ച്ഡി റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു. പിന്നില്‍, 8 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉണ്ട്. 2 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. സ്റ്റീരിയോ സ്പീക്കറുകള്‍, ബയോമെട്രിക് ഫേസ് അണ്‍ലോക്ക്, IPX2 റേറ്റിങ്, ഗൂഗിള്‍ കിഡ്സ് സ്പേസ്, എന്റര്‍ടൈന്‍മെന്റ് സ്പേസ് എന്നിവ മറ്റ് പ്രധാന സവിശേഷതകളാണ്. 10W ചാര്‍ജിങ് ശേഷിയുള്ള 5,250 എംഎഎച്ച് ആണ് ബാറ്ററി.






