ന്യുഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ന്യുസ്പേപ്പറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് കര്‍ണാടക പ്രസിഡന്റ് ഡി.കെ ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. ഈ മാസം ഏഴിന് ഡല്‍ഹിയില്‍ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ശിവകുമാറിനെ കഴിഞ്ഞ മാസം 19ന് ഇ.ഡി ഡല്‍ഹിയില്‍ ചോദ്യം ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം നടക്കുമ്പോഴാണ് ശിവകുമാറിനെ ഇ.ഡി വിളിപ്പിക്കുന്നത്. 21 ദിവസമാണ് യാത്ര.
ഒരു കേസാണ് തനിക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കേസ് എന്താണെന്ന് തനിക്കറിയില്ല. താനും സഹോദരനും ഉള്‍പ്പെടുന്ന ട്രസ്റ്റുകളൊന്നില് നിന്ന് യങ് ഇന്ത്യക്ക് പണം നല്‍കിയെന്നാണ് ആരോപണമെന്നും ശിവകുമാര്‍ പറഞ്ഞു.






