ടൊയോട്ടയുടെ ആഡംബര എംപിവിയായ വെല്‍ഫയര്‍ സ്വന്തമാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷി. കേരളത്തിലെ പ്രമുഖ പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായ ഹര്മന് മോട്ടോഴ്സില്‍ നിന്നാണ് ജോഷി വാഹനം വാങ്ങിയത്. വാഹനം കൈമാറുന്ന ചിത്രവും ഹര്മന് മോട്ടോഴ്സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് 2010ല്‍ തമിഴ്നാട്ടില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണ് ഇത്.
വാഹനത്തിന്റെ എക്സ് ഷോറൂം വില 90.80 ലക്ഷം രൂപയാണ്. ഓണ്‍റോഡ് വില ഏകദേശം 1.13 കോടി രൂപയാണ്. 2020-ലാണ് ടൊയോട്ട വെല്‍ഫയറിനെ ഇന്ത്യയിലെത്തിക്കുന്നത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. മുന്‍ പിന് ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.






