നെറ്റ്ഫ്ളിക്സിന്റെ പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ അവതരിപ്പിച്ചു. പരസ്യത്തോടു കൂടിയതാണ് പുതിയ പ്ലാന്‍. നിലവിലെ നിരക്കുകളില്‍ സബ്സ്ക്രിപ്ഷന് എടുക്കാന്‍ തയ്യാറല്ലാത്ത ഉപഭോക്താക്കള്‍ക്കായാണ് ഈ പ്ലാന്‍. പ്രതിമാസം 6.99 ഡോളര്‍ ചിലവുള്ള 'ബേസിക് വിത്ത് ആഡ്സ്' എന്ന പ്ലാന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള കുറഞ്ഞ നിരക്കിനേക്കാള്‍ മൂന്ന് ഡോളര്‍ കുറവാണ് പരസ്യത്തോടു കൂടിയ പുതിയ പ്ലാനിന്.
പുതിയതായി റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് അതിന്റെ സിനിമാറ്റിക് അനുഭവത്തിന് കോട്ടം തട്ടാതിരിക്കാന്‍ പരസ്യത്തില്‍ നിയന്ത്രണം ഉണ്ടാവും. പുതിയ പ്ലാനിലൂടെ കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ നിഗമനം. യുഎസ്, ബ്രസീല്‍, ജര്‍മനി, ജപ്പാന്, കൊറിയ എന്നിവയുള്‍പ്പടെ 12 രാജ്യങ്ങളില്‍ ഈ ഓപ്ഷന് ലഭിക്കും. ഈ പ്ലാനില്‍ ഓരോ മണിക്കൂറിലും നാല് മുതല്‍ അഞ്ച് മിനിറ്റ് നേരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സ് പറഞ്ഞു.






