ചൈനയില്‍ വ്യാഴാഴ്ച റെഡ്മി നോട്ട് 12 പ്രോ സീരീസ് ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഫെനിബുക്ക് എന്ന അക്കൗണ്ടില്‍ റെഡ്മി നോട്ട് 12 സീരീസിലെ ഫോണുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അഭിഷേക് യാദവ് എന്ന ടിപ്പ്സ്റ്റര്‍ ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റെഡ്മി നോട്ട് 12 ന് ഫോണില്‍ 210 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുണ്ടാകുമെന്നും മൂന്ന് കളര്‍ ഓപ്ഷനുകളുണ്ടാവുമെന്നും പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഫോണില്‍ 200 എംപി സാംസങ് എച്ച്പിഎക്സ് പ്രധാന ക്യാമറ ആയിരിക്കും ഉണ്ടാവുകയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. സാംസങ് ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ഐഎസ്ഒ സെല്‍ എച്ച്പി3 സെന്‍സര്‍ ആയിരിക്കും ഇതില്‍. 30 എഫ്പിഎസില്‍ 8കെ വീഡിയോ ചിത്രീകരിക്കാനും 120 ഫ്രെയിംസില്‍ 4കെ വീഡിയോ ചിത്രീകരിക്കാനും ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും. വെയ്ബോയില് പങ്കുവെച്ച പോസ്റ്റിലെ ചിത്രത്തില്‍ നിന്ന് റെഡ്മി നോട്ട് 12 പ്രോ പ്ലസ് ഫോണില്‍ 200 എംപി സാംസങ് എച്ച്പിഎക്സ് ക്യാമറ ആയിരിക്കുമെന്ന് വ്യക്തമാണ്.
ഇതിന് 1/1.4 ഇഞ്ച് ഇമേജ് സെന്‍സര്‍ ആയിരിക്കും. എഫ്/1.65 ആയിരിക്കും അപ്പേര്‍ച്ചര്‍. സെന്‍സറില്‍ എഎല്‍ഡി ആന്റി ഗ്ലെയര്‍ കോട്ടിങും സെന്‍സറിനുണ്ട്. മൂന്ന് റെക്കോര്‍ഡിങ് മോഡുകള്‍ ഈ സെന്‍സറില്‍ സെറ്റ് ചെയ്യാം. 12.5 എംപി മോഡില്‍ 4080 x 3060 പിക്സല്‍ റസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താം. 50 എംപി മോഡില്‍ 8160 x 6120 പിക്സല്‍ റസലൂഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താം. 200 എംപി മോഡില്‍ 16,320 x 12,2440 പിക്സല്‍ റസലൂഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താം.






