
പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. കാണുന്ന ചില കാര്യങ്ങള്‍ സംഭവിക്കുന്നതായ ടെലിപ്പതി ചിലര്‍ക്ക് അനുഭവവുമാണ്. കൊളംബിയയിലെ മെഡലിയന്‍ സമീപം ഷാപ്പേകോണ്സേ ബ്രസീലിയന്‍ ഫുട്ബോള്‍ ടീമിലെ ഭൂരിഭാഗം പേരെയും കൊന്നൊടുക്കിയ അപകടം നടക്കുന്നതിന്റെ തലേ ദിവസം പുലര്‍ച്ചെ വിമാനദുരന്തം ഒരു കളിക്കാരന് സ്വപ്നം കണ്ടിരുന്നതായി റിപ്പോര്‍ട്ട്. ടീമിലെ കടുത്ത ദൈവവിശ്വാസിയും ദുരന്തത്തില്‍ ജീവനോടെ കിട്ടിയ കുറച്ചു പേരില്‍ ഒരാളുമായ ഹെലിയോ നെറ്റോയ്ക്കായിരുന്നു സ്വപ്നദര്‍ശനം കിട്ടിയത്.
കളിക്കാനായി പുറപ്പെടുന്ന പുലര്‍ച്ചെ ഇയാള്‍ താന്‍ സഞ്ചരിക്കുന്ന വിമാനം തകരുന്നതായി സ്വപ്നം കണ്ടെന്ന് ഭാര്യയോട് പറഞ്ഞിരുന്നത്രേ. ഇക്കാര്യം നടക്കുകയും ഗുരുതരമായി പരിക്കേറ്റ് നിലയില്‍ നെറ്റോ രക്ഷപ്പെടുകയും ചെയ്തു. ഇതു മാത്രമല്ല കൗതുകം കടുത്ത ക്രൈസ്തവ വിശ്വാസിയായിരുന്ന ഇയാള്‍ അപകടത്തിന് തൊട്ടുമുമ്പായി വിശ്വാസിയെ ദൈവം രക്ഷിക്കുമെന്ന സൂചിപ്പിക്കുന്ന ബൈബിള്‍ വചനം വായിച്ചിരുന്നതായും 'എന്റെ ചിറകിന്‍മറവില്‍ ഞാന്‍ നിന്നെ പരിപാലിക്കും' എന്ന ബൈബിള്‍ സങ്കീര്‍ത്തനം വായിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കളിക്ക് യാത്ര തിരിക്കും മുമ്പ് നെറ്റോയ്ക്ക് ഭാര്യ നല്കിയ ബൈബിള്‍ അപകട സ്ഥലത്തു നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഇതില്‍ ദൈവം തന്നെ കാക്കുമെന്ന് വിവക്ഷിക്കുന്ന സങ്കീര്‍ത്തനത്തിന്റെ ഭാഗത്ത് അടയാളം വെച്ചിരുന്നു.
ബൈബിളിലെ 63 ാം സങ്കീര്‍ത്തനത്തില്‍ ഒരു അടയാളം വെച്ചിരുന്നു. ''തന്റെ തൂവലുകള്‍ കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും. അവിടുത്തെ ചിറകുകള്‍ക്ക് കീഴില്‍ നിനക്ക് അഭയം ലഭിക്കും, അവിടുത്തെ വിശ്വസ്തത നിനക്ക് കവചവും പരിചയുമായിരിക്കും. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയേയും നട്ടുച്ചയ്ക്ക് വരുന്ന വിനാശത്തേയും നീ പേടിക്കേണ്ട. നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണേക്കാം. എങ്കിലും നിനക്ക് ഒരനര്‍ഥവും സംഭവിക്കില്ല.'' ഇങ്ങിനെ പോകുന്നു തുറന്നു വച്ച പേജിലെ വചനങ്ങള്‍. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന നെറ്റോ കടുത്ത മതവിശ്വാസി ആയിരുന്നെന്നും എല്ലായ്പ്പോഴും വചനം മനസ്സില്‍ സൂക്ഷിക്കുന്ന ആളായിരുന്നെന്നും ഭാര്യ പറഞ്ഞു.
വിമാനത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണ് തുറന്ന നിലയില്‍ നെറ്റോയ്ക്ക് ഭാര്യ നല്കിയ ബൈബിള്‍ കണ്ടെത്തിയത്. ദൈവത്തില്‍ ശക്തമായി വിശ്വസിച്ചിരുന്ന നെറ്റോ പോകുന്നിടത്തെല്ലാം തന്റെ ബൈബിള്‍ കൊണ്ടു നടക്കാറുണ്ടെന്നും ഭാര്യ സിമോണ്‍ പറയുന്നു. വിമാനയാത്രയ്ക്ക് പോകുന്ന അന്ന് പുലര്‍ച്ചെ താന വിമാനം തകരുന്നതായി സ്വപ്നം കണ്ടെന്ന് നെറ്റോ പറഞ്ഞിരുന്നതായി നേരത്തേ സിമോണ്‍ പറഞ്ഞിരുന്നു. അതേസമയം നെറ്റോയുടെ അവസ്ഥ വളരെ ദയനീയവും ഡോക്ടര്‍മാര്‍ കൂടുതല്‍ സുഷ്മ നിരീക്ഷണം നടത്തുന്ന അവസ്ഥയിലുമാണ്. ഇതിനകം ശ്വാസകോശം, തലയോട്ടി, മുട്ടുകള്‍, കൈത്തണ്ട തുടങ്ങി പല ഭാഗങ്ങളും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നെറ്റോ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തന്നെയാണ് ഭാര്യയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.