മുംബൈ: വിനിമയ വിപണിയില്‍ ഡോളറിനെതിരേ കരുത്താര്‍ജിച്ച് രൂപ. കഴിഞ്ഞ വ്യാപാര സെഷനുകളിലെ നഷ്ടം നികത്തിയാണു രൂപ തിരിച്ചുകയറിയത്. കഴിഞ്ഞ വ്യാപാരദിനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 43 പൈസയുടെ നേട്ടം സ്വന്തമാക്കിയതായാണു സൂചന.
ഡോളറിനെതിരേ 82.44 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ളോസ് ചെയ്തതെന്നു ബ്ലൂംബര്‍ഗും 82.41-ലാണ് ക്ളോസിങ്ങെന്നു പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്തു. അവസാന കണക്കുകൂട്ടലുകളില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്കു സാധ്യതയുണ്ടെങ്കിലും നേട്ടം ഉറപ്പിച്ചത് ആശ്വാസകരമാണ്. തൊട്ടുമുന്‍ വ്യാപാരദിനത്തില്‍ ഡോളറിനെതിരേ 82.89 എന്ന നിലയിലായിരുന്നു രൂപ.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയ്ക്കിടെ ഏഷ്യന്‍ കറന്‍സികള്‍ ആഴ്ചമുഴുവന്‍ അപായരേഖയിലായിരുന്നു. ഇതു മറികടന്നാണ് ആഴ്ചാവസാനത്തില്‍ രൂപ നേട്ടത്തിലായത്. കഴിഞ്ഞദിവസം കുതിച്ചുകയറിയ ഡോളര്‍ ഇന്‍ഡക്സില്‍ ഒരുദിവസത്തെ ഇടവേളയില്‍ 0.4 ശതമാനത്തിന്റെ ഇടിവുണ്ടായി. എങ്കിലും ഒരുമാസത്തിലെ ഏറ്റവും മികച്ച ആഴ്ചയാണ് ഡോളര്വിപണി പിന്നിട്ടത്.




