
ഏറ്റവും പുതിയ Q8 ഇ-ട്രോണ്‍ ഇലക്ട്രിക് എസ്യുവി ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി. സോഷ്യല്‍ മീഡിയയിലൂടെയാണ് കമ്പനി ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പുതിയ Q8 ഇ-ട്രോണ്‍ മോഡലുകളെ ഔഡി കഴിഞ്ഞ ദിവസമാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ശ്രേണിയില്‍ Q8 ഇ-ട്രോണ്‍, Q8 ഇ-ട്രോണ്‍ സ്പോര്‍ട്ബാക്ക്, SQ8 ഇ-ട്രോണ്‍, SQ8 ഇ-ട്രോണ്‍ സ്പോര്‍ട്ബാക്ക് എന്നീ വ്യത്യസ്ത ബോഡി സ്റ്റൈലുകളാണ് തെരഞ്ഞെടുക്കാനാവുന്നത്.
ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ നേരത്തെ ഇന്ത്യയിലും ആഗോള തലത്തിലും ഒരേപോലെ വിറ്റിരുന്ന ഇ-ട്രോണ്‍ ഇലക്ട്രിക് എസ്യുവിക്ക് പകരമായാണ് പുതിയ Q8 ഇ-ട്രോണ്‍ മോഡലുകള്‍ എത്തുന്നത്. ഡാഷ്ബോര്‍ഡില്‍ റീസൈക്കിള്‍ ചെയ്ത മെറ്റീരിയലുകളാണ് ഔഡി ഉപയോഗിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ട്. ഡിജിറ്റല്‍ ഡ്രൈവ് ഡിസ്പ്ലേ, 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍ എന്നിവയുള്‍പ്പെടെ മൂന്ന് സ്ക്രീനുകളാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്. മൂന്നാമത്തെ സ്ക്രീന്‍ ക്ലൈമറ്റ് കണ്ട്രോള് പോലെയുള്ള പ്രവര്‍ത്തനങ്ങളെയാണ് നിയന്ത്രിക്കുന്നത്.
റേഞ്ചും പെര്‍ഫോമന്‍സും വര്‍ധിപ്പിക്കുന്ന പുതിയ ബാറ്ററി പായ്ക്കുകളുടെ സാന്നിധ്യത്തില്‍ 484 കിലോമീറ്റര്‍ റേഞ്ച് മാത്രം വാഗ്ദാനം ചെയ്തിരുന്ന Q8 ഇ-ട്രോണ്‍ ഇനി 582 കിലോമീറ്റര്‍ വരെ ഓഫര്‍ ചെയ്യും. 64 kWh ശേഷിയില്‍ നിന്ന് 95 kWh ശേഷിയിലേക്ക് വര്‍ധിച്ച ഒരു വലിയ ബാറ്ററിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. Q8 ഇ-ട്രോണ്‍ എസ്യുവി പരമാവധി 300 കിലോവാട്ട് പവറില്‍ 664 Nm torque വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണിപ്പോള്. നിലവില്‍ ഔഡിയുടെ നിരയില്‍ 8 പൂര്‍ണ ഇലക്ട്രിക് കാറുകളാണ് അണിനിരക്കുന്നത്. 2026 ഓടെ ഔഡി ഇത് ഇരുപതിലധികമായി വിപുലീകരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2026 മുതല്‍ കമ്പനി ആഗോളതലത്തില്‍ പൂര്‍ണമായും ഇലക്ട്രിക് മോഡലുകള്‍ മാത്രമേ അവതരിപ്പിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.






