നമ്മുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നത് പലര്‍ക്കും ഒരു പ്രശ്നമാണ്. ഇത്തരം കോളുകളെ മനസിലാക്കാന്‍ 'ട്രൂ കോളര്‍' പോലുള്ള ആപ്പുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാകണമെന്നില്ല. ഇതിന് പരിഹാരം കണ്ടെത്താന്‍ ഒരുങ്ങുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).
ഫോണിലേയ്ക്ക് ഒരു കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് സ്ക്രീനില്‍ തെളിയുന്ന തരത്തിലുള്ള ക്രമീകരണം നടപ്പിലാക്കാനാണ് ട്രായ് ഒരുങ്ങുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരുടെ പക്കലുള്ള കെ.വൈ.സി രേഖകള്‍ വച്ചാകും ഇത് നടപ്പിലാക്കുക. സേവന ദാതാക്കള്‍ കൃത്യമായി ഈ പ്രക്രിയ ചെയ്തിട്ടുണ്ടോയെന്ന് അധികൃതര്‍ക്ക് കെ.വൈ.സി രേഖകള്‍ പരിശോധിക്കുന്നതിലൂടെ മനസിലാക്കാനും സാധിക്കും. വ്യാജ ഫോണ്‍ കണക്ഷനുകള്‍ പെരുകുന്നതും ഒരു പരിധി വരെ തടയാനാകും. വാട്സാപ്പ് പോലുള്ള മെസഞ്ചറുകളിലും സമാന രീതി നടപ്പിലാക്കിയേക്കും.
ട്രായുടെ നീക്കം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാന്‍ കഴിയും അനാവശ്യമായ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ ട്രായ് മുന്നോട്ടു പോവുക. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് ട്രായ് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പാകും അന്തിമതീരുമാനം എടുക്കുക.






