ആഭ്യന്തര വിപണിയില്‍ പുതിയ 2022 മോഡല്‍ ഈക്കോയെ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. നിരവധി പുതുമകളുമായാണ് വാന്‍ ഇത്തവണ എത്തിയിരിക്കുന്നത്. പുതിയ 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ഈക്കോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 6,000 rpm-ല്‍ പരമാവധി 80.76 bhp കരുത്തും 3,000 rpm-ല്‍ 104.4 Nm torque വരെയും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഈക്കോ 25 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാണെന്ന് കമ്പനി പറയുന്നു.
പുതിയ എഞ്ചിനുമായി എത്തുമ്പോള്‍ വാനിന് 20.20 കിലോമീറ്റര്‍ ഇന്ധനക്ഷമതയായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഈക്കോയുടെ S-CNG വേരിയന്റിന് 29 ശതമാനം കൂടുതല്‍ മിതവ്യയവും 27.06 കി.മീ മൈലേജും (ടൂര്‍ വേരിയന്റ്) ഉണ്ടാവും. പഴയ മോഡലിന് അപേക്ഷിച്ച് ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരവുമായാണ് ഈക്കോ പുറത്തിറങ്ങുന്നത്. പുതിയ ഈക്കോയുടെ ഇന്റീരിയറില്‍ ഡ്രൈവര്‍-ഫോക്കസ്ഡ് കണ്ട്രോള്, റിക്ലൈനിങ് ഫ്രണ്ട് സീറ്റുകള്‍, എസി വേരിയന്റുകളില്‍ ക്യാബിന് എയര്‍ ഫില്‍ട്ടര്‍, പുതിയ ബാറ്ററി സേവര്‍ ഫംഗ്ഷനോടുകൂടിയ ഡോം ലാമ്പ് തുടങ്ങിയവ സവിശേഷതകള്‍ വരെ ഉള്‍പ്പെടുന്നുണ്ട്.
എഞ്ചിന് ഇമ്മൊബിലൈസര്‍, ഇലുമിനേറ്റഡ് ഹസാര്‍ഡ് സ്വിച്ച്, എന്നിവയുള്‍പ്പെടെ 11-ലധികം സുരക്ഷാ ഫീച്ചറുകളുമായാണ് 2022 മോഡല്‍ വരുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD സഹിതമുള്ള എബിഎസ്, സ്ലൈഡിംഗ് ഡോറുകള്‍ക്കും വിന്‍ഡോകള്‍ക്കും ചൈല്‍ഡ് ലോക്ക്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും പുതുപുത്തന്‍ ഈക്കോയുടെ സവിശേഷതകളാണ്. പുതിയ മെറ്റാലിക് ബ്രിസ്ക് ബ്ലൂ ബോഡി കളര്‍ ഓപ്ഷനും വാഹനത്തിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. മേല്പറഞ്ഞവയ്ക്ക് പുറമെ ഓള്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സ്റ്റിയറിംഗ് വീല്‍, എസിക്കും ഹീറ്ററിനുമുള്ള റോട്ടറി കണ്ട്രോളുകള് എന്നിവയാണ് 2022 മോഡല്‍ ഈക്കോയില്‍ കമ്പനി ഒരുക്കിയിരിക്കുന്ന മറ്റ് ഹൈലൈറ്റുകള്‍.
സോളിഡ് വൈറ്റ് മെറ്റാലിക് സില്‍ക്കി സില്‍വര്‍ പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് മെറ്റാലിക് ഗ്ലിസ്റ്റനിംഗ് ഗ്രേ, മെറ്റാലിക് ബ്രിസ്ക് ബ്ലൂ (പുതിയ നിറം) എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ അണിഞ്ഞൊരുങ്ങിയാണ് മാരുതി സുസുക്കി പുതിയ ഈക്കോ വാനിനെ വാഗ്ദാനം ചെയ്യുന്നത്. 5 സീറ്റര്‍, 7 സീറ്റര്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് പ്ലസ് എന്നിവയുള്‍പ്പെടെ 13 വേരിയന്റുകളില്‍ വാന്‍ സ്വന്തമാക്കാമാവും. അടിസ്ഥാന ടൂര്‍ V വേരിയന്റിന് 5.10 ലക്ഷം രൂപയും ആംബുലന്‍സ് പതിപ്പിന് 8.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.






