
ഓര്മ്മകള് അങ്ങനെയാണ്. കാലത്തിന്റെ അടരുകളില് ഒളിച്ച് മറവിയിലേയ്ക്ക് മണ്ണടിഞ്ഞാലും, ഒരു കണ്ടുമുട്ടലിന്റേയോ ഏകാന്ത നിമിഷങ്ങളില് മിന്നിമറഞ്ഞ ഒരോര്മ്മച്ചീളിന്റെയോ ഒരു ചെറുചാറ്റല്മഴ മതി അവ വീണ്ടും മുളപൊട്ടി തളിര്ക്കുവാന്. കടന്നുവന്ന ജീവിത വഴികളില് പതിച്ച അടയാളങ്ങളെ ഒരിക്കെലെങ്കിലും ഓര്ത്തെടുക്കാന്, വിസ്മയത്തോടെയോ നിശബ്ദമായ ഒരു തേങ്ങലോടെയോ അവയെ ഓമനിക്കാന് കൊതിക്കാത്തവരായി ആരുണ്ട്?
കാലം എന്ന ജാലവിദ്യക്കാരന് ജീവിതങ്ങളില് തന്റെ അത്ഭുതപ്രകടനങ്ങളുമായി കടന്നുപോകുന്നു. ഘടികാരങ്ങളുടെ സമയസൂചികള് തിരിച്ചുവയ്ക്കാനുള്ള ആഗ്രഹം അവരില് അവശേഷിപ്പിച്ചുകൊണ്ട്. ഭൂതകാലത്തിന്റെ സ്മരണകളില്നിന്നും പൂര്ണമായും കുടിയിറങ്ങാതെ, കാത്തിരിക്കുന്ന പുതിയ കാലത്തിന്റെ അറിവുകളിലേയ്ക്കും അനുഭവങ്ങളിലേയ്ക്കുമുള്ള യാത്രകള് തുടരുകയാണ്.
സാമ്പ്രദായിക വിഭാഗങ്ങളിലൊന്നും പെടാതെ മാറിനില്ക്കുന്ന ഒരു പുസ്തകം. ഗ്രന്ഥകര്ത്താവിന്റെ ഓര്മ്മക്കുറിപ്പുകള് മാത്രമല്ല, ചിലപ്പോള് കഥയായി, വിചിത്രമായ അനുഭവങ്ങളായി, ചോര പൊടിയുന്ന യാഥാര്ത്ഥ്യങ്ങളായി, സൗഹൃദത്തിന്റെ വര്ണാഭമായ ഓര്മ്മകളായി ഒരു പുഴപോലെ അനുവാചകന്റെ മനസിലേയ്ക്ക് ഒഴുകുകയാണ് കെ.കെ. മേനോന് എഴുതിയ 'ഇന്ദ്രനീലം' എന്ന കൃതി.
അനുഭവങ്ങളാല് സമൃദ്ധമാണ് മിക്ക മനുഷ്യജീവിതങ്ങളെങ്കിലും, ചിലര് അത് മനസില് മാത്രം സൂക്ഷിക്കുന്നു, ചിലര് അത് പറയുന്നു, എഴുതുന്നു. ജീവിത യാത്രയില് കണ്ടുമുട്ടിയ മുഖങ്ങള്, അവിസ്മരണീയ അനുഭവങ്ങള്, യാത്രകള്, വിശദീകരിക്കാനാവാത്ത അപ്രതീക്ഷിത സംഭവങ്ങള്... എത്രമേല് വിചിത്രമാണ് നാം ജീവിച്ചുതീര്ത്ത ജീവിതം. ഏകാന്ത നിമിഷങ്ങള് തരുന്ന അനുഭവങ്ങളാണ് ഒരാളെ എഴുത്തുകാരനാക്കി മാറ്റുന്നത്.
ജനിച്ചു വളര്ന്ന വീടും തൊടിയും നാട്ടിടവഴികളും അമ്മയും അച്ഛനുമൊക്കെയുള്ള ചന്ദനസുഗന്ധമുള്ള ഓര്മ്മളിലൂടെയാണ് നാം ഈ പുസ്തകത്തിന്റെ പൂമുഖത്തേയ്ക്കെത്തുന്നത്. എന്നാല് ഇവിടെനിന്ന് ഗ്രന്ഥകര്ത്താവ് നമ്മളെ കൊണ്ടുപോകുന്നത് അനാമികയെന്ന സഹയാത്രികയുടെ പവിത്രമായ സ്നേഹത്തിന്റെ കഥയിലേയ്ക്കാണ്. ഒരു മാജിക്കല് റിയലിസ്റ്റിക് സിനിമപോലെ. വീണ്ടും യക്ഷിക്കാവും ഗന്ധര്വത്തറയും ചാന്താട്ടവും ഉച്ചാറല് വേലയുമുള്ള തന്റെ തറവാട്ടിലേയ്ക്ക്. ഇങ്ങനെ ഭൂത- വര്ത്തമാനങ്ങളിലൂടെയുള്ള ഒരു തീര്ത്ഥയാത്രയാണ് ഈ പുസ്തകം നമുക്ക് വാഗ്ദാനം ചെയ്യുന്നത്.
ഒരു സിനിമയിലെങ്കിലും ഒന്നു മുഖം കാണിക്കാന് ആയിരങ്ങള് കോടമ്പക്കത്തെ തെരുവുകളില് അലയുന്ന കാലത്താണ് ഒരു യാത്രയില് അന്നു മാത്രം പരിചയപ്പെട്ട പഴയതലമുറയിലെ സംവിധായകന് വേണു ഒരു മികച്ചവേഷം മേനോന് ഓഫര് ചെയ്യുന്നത്. മനസില് താലോലിച്ച സ്വപ്നം യാഥാര്ത്ഥ്യമാകുന്നത് വിസ്മയത്തോടെയാണ് മേനോന് നോക്കികാണുന്നത്. പടം പൂര്ത്തിയായെങ്കിലും തീയേറ്ററിലെത്തിയില്ല എന്ന വേദന ബാക്കിയായി. പക്ഷേ പിന്നീട് പല ചിത്രങ്ങളിലും പ്രമുഖതാരങ്ങള്ക്കൊപ്പം അഭിനയിക്കാന് ഇത് മികച്ചൊരു തുടക്കമായി.
പ്രമുഖ മ്യൂസിക് കമ്പനിയായ എച്ച.എം.വിയില് ജോലി ചെയ്തിരുന്ന കാലത്ത് കെ.കെ. മേനോനാണ് നടനായി നാമറിയുന്ന അന്തരിച്ച ഒടുവില് ഉണ്ണികൃഷ്ണനെ സംഗീത സംഗീത സംവിധായകനാക്കി അവതരിപ്പിക്കുന്നത്. ഭരണിക്കാവ് ശിവകുമാര്, ബിച്ചു തിരുമല, പൂവച്ചല് ഖാദര്, ഗിരീഷ് പുത്തന്ഞ്ചേരി, രഘുകുമാര് തുടങ്ങിയ പ്രതിഭകളെക്കുറിച്ചുള്ള ഓര്മ്മകളും മേനോന് വരച്ചിടുന്നു. ദീര്ഘകാലം മലയാള സംഗീതലോകത്ത് പ്രഗത്ഭരോടൊപ്പം പ്രവര്ത്തിച്ച മേനോന്റെ ആ കാലത്തെ അനുഭവങ്ങള് കുറച്ചുകൂടി ആകാമായിരുന്നുവെന്ന് തോന്നി. ചിലപ്പോള് അത് മറ്റൊരു പുസ്തകമായി നമ്മെ കാത്തിരിക്കുന്നുണ്ടാവും.
പീരുമേട്ടില് എസ്റ്റേറ്റ് മനേജരായി ജോലി നോക്കുന്ന കാലത്തെ അനുഭവം വിവരിക്കുന്ന 'മഞ്ഞുമലയിലെ ആ രാത്രി' എന്ന ഭാഗം ഒരു നടുക്കത്തോടെയല്ലാതെ വായിച്ചുതീര്ക്കാനാവില്ല. ആഴത്തില് വേരുറപ്പിച്ച സൗഹൃദങ്ങളും അവ നല്കിയ വേദനകളും മേനോന് ഹൃദയസ്പര്ശിയായി അക്ഷരങ്ങളിലേയ്ക്ക് ആവാഹിക്കുന്നുണ്ട്. കവിയും നടനും സംഗീതപ്രേമിയുമൊക്കെയായ മേനോനെ നമുക്ക് ഈ പുസ്തകത്തില് കാണാനാകും.
ഇന്ദ്രനീലം അവസാനിക്കുന്നത് അതേ പേരിലുള്ള ഒരു കഥയോടുകൂടിയാണ്. ശുഭപര്യാവസായിയായ ഒരു സിനിമാ കഥ പോലെ വായിച്ചു പോകാവുന്ന, സാഹിത്യത്തിന്റെ യാതൊരു അലങ്കാരങ്ങളുമില്ലാത്ത കഥ. സെന്റിമെന്റ്സും ഫ്ളാഷ്ബായ്ക്കും കള്ളക്കടത്തും കാര്ചേയ്സുമാക്കെയുള്ള ഒരു ആക്ഷന് ത്രില്ലര് സിനിമയ്ക്കുവേണ്ട എല്ലാ ചേരുവകളും അവയിലുണ്ടുതാനും. അനുഭവമാണോ കല്പ്പിതകഥയാണോ എന്ന് വായനക്കാരനെ വിസ്മയിപ്പിക്കുന്ന ഇത്തരം കഥകളാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.
'ഇന്നലെകളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് നാം ഇന്നെത്ര ദരിദ്രരാണെന്ന് മനസിലാകുന്നത്' കടന്നുപോയ പ്രശസ്ത സംവിധായകന് ജേസിയുടെ വാക്കുകള് ഈ പുസ്തകത്തിലെ വെറുമൊരു വാചകമല്ല, കാതല് തന്നെയാണ്.
ഇന്ദ്രനീലം
കെ.കെ. മേനോന്
വില 140 രൂപ







Comments