
ഓട്ടോമൊബൈല്‍ കമ്പനികള്‍ അവരുടെ ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കാലാകാലങ്ങളായി ചില പരിപാടികളും മത്സരങ്ങളുമെല്ലാം നടത്താറുണ്ട്. അത്തരത്തില്‍ ഒരു മത്സരം ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ജീപ്പ്. തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്യുവിക്ക് പേരിടാനുള്ള മത്സരമാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. വിജയികള്‍ക്ക് 32.65 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് അറിയിച്ചു. നവംബര്‍ 23-ന് ആരംഭിച്ച പേരിടല്‍ മത്സരം ഡിസംബര്‍ രണ്ടിന് അവസാനിക്കും. കാര്‍ ഇതിനകം തന്നെ കമ്പനി അവതരിപ്പിച്ചെങ്കിലും ഇതുവരെ വില്‍പ്പനയ്ക്കെത്തിയിട്ടില്ല.
കമ്പനി ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിച്ചത്. അതനുസരിച്ച് പുതിയ ഇലക്ട്രിക് എസ്യുവിക്ക് ആര്‍ക്കും പേര് നല്‍കാം. മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ മത്സരത്തിനായി ജീപ്പ് തയാറാക്കിയ വെബ്സൈറ്റ് സന്ദര്‍ശിക്കണം. namethenewwagoneer.com എന്ന വെബ്സൈറ്റില്‍ എത്തിയ ശേഷം അവര്‍ കണ്ടുവെച്ച പേര് അവിടെ പോസ്റ്റ് ചെയ്യാം. ഇത്തരത്തില്‍ പേരിടുന്നവര്‍ മൊത്തം അക്ഷരങ്ങള്‍ 50-ല്‍ കൂടാന്‍ പാടില്ലെന്ന നിബന്ധനയും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ കാറിന് ഒരു പേര് തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന വ്യക്തിക്ക് 40,000 യുഎസ് ഡോളര്‍ അതായത് ഏകദേശം 33.65 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനമായി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജേതാവിന് ജാക്സണ് ഹോള്‍ മൗണ്ടന്‍ റിസോര്‍ട്ടിലേക്ക് സൗജന്യ യാത്രയും ലഭിക്കും. വിമാനയാത്ര, താമസം, പ്രാദേശിക ഗതാഗതം, ഗൈഡ്, ഷോപ്പിംഗിനായി 1000 ഡോളര്‍ വിലമതിക്കുന്ന ഒരു സമ്മാന കാര്‍ഡ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.






