ഒരു കാലത്ത് ഉപയോക്താക്കളുടെ ഇഷ്ടവാഹനമായിരുന്ന യമഹ ആര്‍എക്സ് 100 തിരിച്ചു വരാന്‍ ഒരുങ്ങുന്നു. വിപണിയില്‍ നിന്ന് പിന്‍വാങ്ങി 26 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ആര്‍എക്സ് 100 ന് ആരാധകര്‍ ഏറെയാണ്. യമഹ ആര്‍എക്സ് മോഡലുമായി തിരിച്ചെത്തുന്നുവെന്നാണ് യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
എണ്പതുകളുടേയും തൊണ്ണൂറുകളുടേയും ആവേശമായിരുന്നു യമഹ ആര്‍എക്സ് 100. തിരിച്ചു വരവിന്റെ സൂചന നല്‍കിയിരിക്കുകയാണ് യമഹ ഇന്ത്യ. ചെറിയ എന്ജിന് ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് വാഹനം വിപണി പിടിച്ചിരുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു വാഹനത്തിന്റെ ആദ്യകാല വില്പന. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്ട്രോക്ക് എന്‍ജിനുള്ള ആര്‍എക്സ് മോഡലുകള്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്സ് 100 ന്റെ ഉല്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു.
ആര്‍എക്സ് 100 ന്റെ പെര്‍ഫോമന്‍സ്, സൗണ്ട്, ഡിസൈന്‍, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആര്‍എക്സ് 100ന്റെ പ്ലസ് പോയിന്റ്. ആര്‍എക്സ് എന്ന ബ്രാന്‍ഡ് തിരിച്ചു കൊണ്ടുവരുമ്പോള്‍ ഐതിഹാസിക മോഡലിന് ഉതകും വിധമായിരിക്കണം ഡിസൈന്‍. നൂറ് സിസി എന്ജിന് പകരം പുതിയ ശേഷി കൂടിയ എന്‍ജിനായിരിക്കും പുതിയ ബൈക്കില്‍, യമഹ ഇന്ത്യ മേധാവി പറയുന്നു.






