ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മാസ്റ്റഡോണ്‍ തുടങ്ങി മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ട്വിറ്ററിലൂടെ പ്രമോട്ട് ചെയ്യുന്ന അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍. ഒരു ട്വീറ്റിലൂടെയായിരുന്നു ട്വിറ്ററിന്റെ പ്രഖ്യാപനം. ഇലോണ്‍ മസ്ക് ചുമതലയേറ്റ ശേഷം ട്വിറ്ററില്‍ നിരവധി മാറ്റങ്ങളാണ് ഉണ്ടായത്. പുതിയ മുന്നറിയിപ്പും ഇതിന്റെ ഭാഗമാണ്.
എന്നാല്‍, പോളിസിയില്‍ വരുത്തിയ മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. ട്വീറ്റ് നീക്കം ചെയ്തുവെങ്കിലും ഉപയോക്താക്കള്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ മാത്രം ഉണ്ടാക്കിയ അക്കൗണ്ടുകള്‍ക്കാണ് പ്രശ്നം ഉണ്ടാവുകയെന്നാണ് വിവരങ്ങള്‍. ഇത്തരം അക്കൗണ്ട് സ്ഥിരമായി നിരോധിക്കുകയോ പ്രമോഷണല്‍ കണ്ടന്റ് നീക്കം ചെയ്യുകയോ ചെയ്യുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയത്. അതേസമയം, മറ്റ് പ്ലാറ്റ്ഫോമിലുള്ള കണ്ടന്റുകളുടെ ലിങ്ക് പോസ്റ്റ് ചെയ്യാന്‍ ട്വിറ്റര്‍ അനുവദിക്കുന്നുണ്ട്.






