ക്രിക്കറ്റ് ആരാധകര്‍ വീണ്ടും ഐപിഎല്‍ ചൂടിലേക്ക് വന്നിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നും താരങ്ങളടക്കം 405 കളിക്കാരാണ് ഇക്കുറി ലേലത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഐപിഎല്‍ 2023 സീസണിലെ ടൂര്‍ണമെന്റിലെ താരത്തിന് ടാറ്റ മോട്ടോര്‍സിന്റെ പുതിയ ടിയാഗോ ഇവി സമ്മാനമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സറാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യയിലെ മുന്‍നിര ഇവി നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ നിരവധി സീസണുകളായി ഐപിഎല്ലുമായി സഹകരിക്കുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ ടാറ്റ പഞ്ച് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പങ്കാളിയായി. ഒരു വര്‍ഷം മുമ്പ് ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കായിരുന്നു ആ സ്ഥാനം അലങ്കരിച്ചിരുന്നത്. ഈ വര്‍ഷം ടിയാഗോ ഇവി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പങ്കാളിയാകും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ടാറ്റ ടിയാഗോയുടെ ഫുള്‍ ഇലക്ട്രിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8.49 ലക്ഷം (എക്സ്-ഷോറൂം) മുതല്‍ 11.79 ലക്ഷം (എക്സ്-ഷോറൂം) വരെയാണ് ടിയാഗോ ഇവി വില.
ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ എന്ന ഖ്യാതിയോടെ ആയിരുന്നു പുറത്തിറക്കിയത്. താങ്ങാനാവുന്ന വില ആയതിനാല്‍ തന്നെ ഒരു വലിയ കൂട്ടം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇലക്ട്രിക് ഹാച്ച്ബാക്കിന് സാധിച്ചതായും വിപണിയില്‍ വലിയ ഡിമാന്‍ഡ് അനുഭവപ്പെടുന്നതായും ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു.






