
മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ താരം, ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ്. ഇപ്പോഴിതാ തന്റെ ഇളയമകനെക്കുറിച്ചും അഭിനയത്തില്‍ തിരിച്ചെത്തിയതിനെക്കുറിച്ചും താരം മനസ്സുതുറക്കുകയാണ്. തന്റെ ഇളയമകന് ഒരു സ്പെഷ്യല്‍ ചൈല്ഡാണെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.
‘‘കഴിഞ്ഞ ആറ് വർഷമായിട്ട് സന്തോഷവും സംതൃപ്തിയും നൽകുന്നത് സിനിമാ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോൾ മാനസികമായി തകർന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജിൽ പെർഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ല. ജീവിതത്തിൽ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാൻ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അതൊന്നും ഞാൻ ഗൗനിക്കുന്നില്ല. എന്റെ ഉത്തരവാദിത്തങ്ങൾ തീർത്തിട്ടാണ് അഭിനയിക്കാൻ പോകുന്നത്, ഒരിക്കലും ഞാൻ എന്റെ മക്കളെ തനിച്ചാക്കിയിട്ടില്ല.
എനിക്ക് ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല. അവൻ വന്നപ്പോൾ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ. ഇപ്പോൾ ചെറിയ മോന് 19 വയസ്സായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം. എന്റെ ശ്വാസം നിലച്ചാൽ അവനെ ആരുനോക്കുമെന്ന് ചിന്തിക്കാറുണ്ട്. എനിക്ക് മക്കൾ കഴിഞ്ഞേ എന്തും ഉള്ളൂ’’ ശ്രീലക്ഷ്മി പറയുന്നു.






