
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്. ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ സിനിമയായ ‘മാളികപ്പുറം’ നാളെയാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പോസ്റ്ററുകളും ഗാനങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞാണ് വീഡിയോയില്‍. പിന്നീട് ‘ഹരിവരാസനം’ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ കുഞ്ഞ് കരച്ചില് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ‘‘അയ്യപ്പ സ്വാമി വെറും ഭ്രമമോ മനുഷ്യമനസ്സിന്റെ കെട്ടിച്ചമയ്ക്കലോ അല്ല. സ്വാമി ശരണം ❤️ 🙏🏻 എത്ര മനോഹരമായ കാഴ്ച ❤️...’’ എന്ന കുറിപ്പും നല്‍കിയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
തന്റെ സിനിമയുടെ റിലീസിനെക്കുറിച്ചും ഉണ്ണിമുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും . മനോഹരമായ ഒരു ചിത്രമാകുമിതെന്നും അതിനെ ഏറ്റവും മികച്ചതായി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന് കുറിച്ചു.
‘‘മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോൾ, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചുപിടിക്കുന്നില്ല. ചിത്രം നിങ്ങൾക്കരികിലേക്കെത്താൻ ഇനി അധികനേരമില്ല. ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങൾ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല.
ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതിൽ ഞാൻ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ ഞാൻ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.
ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിർമാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി. എന്നെപ്പോലെ തന്നെ പലർക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങൾ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല.
ഒരു കാര്യത്തിൽ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്. അയ്യപ്പസ്വാമിയുടെ ഭക്തർ ഓരോരുത്തർക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാൻ ഗ്യാരന്റി. ഞങ്ങൾക്കൊപ്പവും, ഞങ്ങൾക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം.
എന്റെ പക്കലുണ്ടായിരുന്ന റിസോഴ്സുകൾ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സൂപ്പർഹീറോ വരികയായി. സ്വാമി ശരണം, അയ്യപ്പ ശരണം. ❤️🙏🏼..’’






