ടാറ്റ മോട്ടോര്‍സ് ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ എതിരാളികളെയെല്ലാം പിന്നിലാക്കി കുതിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ഇലക്ട്രിക് കാറുകളുടെ നിര്‍മാണ രംഗത്ത് പുതിയൊരു നാഴികക്കല്ല് പിന്നിട്ട വിവരം ടാറ്റ അറിയിക്കുന്നത്. നിര്‍മാതാക്കളുടെ പൂനെയിലെ പ്ലാന്റില്‍ നിന്ന് നെക്സോണ്‍ ഇവിയുടെ 50,000 യൂണിറ്റ് പുറത്തിറക്കിയാണ് പുതിയ നാഴികക്കല്ലും പിന്നിട്ടിരിക്കുന്ന വിവരം കമ്പനി വാഹന വിപണിയെ അറിയിച്ചത്.
ഇലക്ട്രിക് വിഭാഗത്തിലും ICE പതിപ്പിലും നെക്സോണ്‍ വന്‍ ഹിറ്റായ ടാറ്റ വാഹനമാണ്. ഇലക്ട്രിക്കിലേക്ക് വന്നാല്‍ നെക്സോണ്‍ ഇവി XM, XZ പ്ലസ്, XZ പ്ലസ് ലക്സ് എന്നിവയുള്‍പ്പെടെ മൂന്ന് വേരിയന്റുകളിലാണ് കമ്പനി നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോഴിതാ ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷ വാര്‍ത്ത ഉണ്ടായിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ 50,000-ാമത്തെ ഇലക്ട്രിക് വാഹനം ടാറ്റ ഗ്രൂപ്പ് ചെയര്മാന് N.ചന്ദ്രശേഖരന് കൈമാറിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ടാറ്റ മോട്ടോര്‍സിലെ എല്ലാവര്ക്കും ഒരു പ്രത്യേക ഡെലിവറി എന്ന അടിക്കുറിപ്പോടെയാണ് കമ്പനി ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കമ്പനിയുടെ നിലവിലെ ഇവി പോര്‍ട്ട്ഫോളിയോയില്‍ ടിയാഗോ ഇവി, ടിയോര്‍ ഇവി, നെക്സോണ്‍ ഇവി പ്രൈം, നെക്സോണ്‍ ഇവി മാക്സ് എന്നിവ ഉള്‍പ്പെടുന്നു. ടാറ്റ നെക്സോണ്‍ ഇവി പ്രൈമിന് 30.2 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയും നെക്സോണ്‍ ഇവി മാക്സിന് 40.5 കിലോവാട്ട് യൂണിറ്റും ലഭിക്കുന്നു. നെക്സോണിന്റെ പ്രൈം പതിപ്പില്‍ ബാറ്ററി 127 bhp കരുത്തും 245 Nm പീക്ക് ടോര്‍ക്കും സൃ്ഷ്ടിക്കുമ്പോള്, നെക്സോണ്‍ ഇവിയുടെ മാക്സ് പതിപ്പ് 141 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കുമാണ് വികസിപ്പിക്കുന്നത്. നെക്സോണ്‍ ഇവി പ്രൈം ഒരു ചാര്‍ജിന് 312 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു, അതേസമയം മാക്സ് പതിപ്പ് ഒറ്റ ചാര്‍ജില്‍ 437 കിലോമീറ്റര്‍ നല്‍കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.






