ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസിന്റെ ഇ-ക്ലാസ് ലോങ്ങ് വീല്‍ബേസ് മോഡല്‍ സ്വന്തമാക്കി ബോളിവുഡ് സുന്ദരി സൊനാലി ബിന്ദ്ര. മുംബൈയിലെ മെഴ്സിഡീസ് ബെന്‍സ് വിതരണക്കാരായ ഓട്ടോ ഹാങ്ങര്‍ മെഴ്സിഡീസ് ബെന്‍സില്‍ നിന്നാണ് നടി ഈ വാഹനം സ്വന്തമാക്കിയത്. ഈ സന്തോഷം ഡീലര്‍ഷിപ്പാണ് ആരാധകരുമായി പങ്കിട്ടത്. നിങ്ങളുടെ വെള്ളിത്തിരയിലെ പ്രകടനങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കുന്നത് പോലെ ഞങ്ങളുടെ പുതിയ വാഹനം നിങ്ങള്‍ക്കും ആസ്വദിക്കാന്‍ സാധിക്കട്ടെയെന്ന ആശംസയ്ക്കൊപ്പം വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങളാണ് ഡീലര്‍ഷിപ്പ് പങ്കുവെച്ചത്.
മെഴ്സിഡീസിന്റെ വാഹന നിരയിലെ മികച്ച മോഡലുകളിലൊന്നാണ് ഇ-ക്ലാസ് ലോങ്ങ് വീല്‍ബേസ്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ഇത് എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ പെട്രോള്‍ 197 ബി.എച്ച്.പി. പവറും, 2.0 ലിറ്റര്‍ ഡീസല്‍ 194 ബി.എച്ച്.പി. പവറും 3.0 ലിറ്റര്‍ ഡീസല്‍ എന്ജിന് 286 ബി.എച്ച്.പി. പവറും ഉത്പാദിപ്പിക്കും. ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
ഇതിലെ പെട്രോള്‍ എന്ജിന് മോഡല്‍ 7.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗതം. 2.0 ലിറ്റര്‍ ഡീസല്‍ എന്ജിന് മോഡലിനും 240 കിലോമീറ്ററാണ് പരമാവധി വേഗത. ഇത് 7.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം, 3.0 ലിറ്റര്‍ ഡീസല്‍ എന്ജിന് മോഡലിന് 6.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ സാധിക്കുകയും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത നല്‍കുകയും ചെയ്യുന്നുണ്ട്.






