ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ സൊമാറ്റോ, സ്വിഗി എന്നിവ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലെ മുന്‍നിര ട്രെന്‍ഡുകള്‍ വെളിപ്പെടുത്താറുണ്ട്. 2022ല്‍ മാത്രം 22 ലക്ഷം രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഇന്ത്യയിലെ സെമാറ്റോയുടെ ഏറ്റവും മികച്ച കസ്റ്റമറായിരിയ്ക്കുകയാണ് പുനെ സ്വദേശി. ട്വിറ്ററിന്റെ വിലയെക്കാള്‍ 36,42,17,44,48,38 രൂപ മാത്രം കുറവാണ് ഇയാള്‍ ഭക്ഷണത്തിനായി ചിലവഴിച്ചിരിക്കുന്ന തുക എന്ന രീതിയിലാണ് സൊമാറ്റോ ഇന്‍സ്റ്റഗ്രാമില്‍ പുനെ സ്വദേശിയെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു ഡല്ഹിക്കാരന് ഈ വര്‍ഷം 3000ല്‍ അധികം ഫുഡ് ഓര്‍ഡറുകളാണ് നല്‍കിയിരിക്കുന്നതെന്ന് സൊമാറ്റോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഓരോ ദിവസവും ഏകദേശം 9 ഓര്‍ഡറുകള്‍ വീതമാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്. മറ്റൊരു ഉപയോക്താവ് 1,098 കേക്കുകളാണ് സൊമാറ്റോ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു ഉപയോക്താവിന് 2022ല്‍ 6.96 ലക്ഷം രൂപയുടെ ഡിസ്കൗണ്ട് ലഭിച്ചതായും സൊമാറ്റോ വെളിപ്പെടുത്തി. സൂറത്തിലുള്ള മറ്റൊരു സൊമാറ്റോ ഉപയോക്താവ് ഓരോ തവണ തന്റെ പക്കല്‍ ഭക്ഷണം ഡെലിവറി ചെയ്ത് കഴിഞ്ഞാലും സൊമാറ്റോ ചാറ്റ് സപ്പോര്‍ട്ടില്‍ 'താങ്ക്സ്' എന്ന മെസേജ് അയച്ച് ശ്രദ്ധേയനായിട്ടുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2022ല്‍ സൊമാറ്റോ ഓരോ മിനിറ്റിലും 186 ബിരിയാണികള്‍ ഡെലിവറി ചെയ്തു.
സ്വിഗ്ഗി പ്ലാറ്റ്ഫോമിലും ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ബിരിയാണിയാണെന്ന് കമ്പനി വെളിപ്പെടുത്തി. ബിരിയാണിക്ക് പിന്നാലെ മസാല ദോശ, ചിക്കന്‍ ഫ്രൈഡ് റൈസ്, പനീര്‍ ബട്ടര്‍ മസാല, ബട്ടര്‍ നാന്, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കന്‍ എന്നിവയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. സൊമാറ്റോയെ പോലെ സ്വിഗ്ഗിയുടെ ചില ഉപയോക്താക്കളും ഈ വര്‍ഷം റെക്കോര്‍ഡ് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ഉപയോക്താക്കളില്‍ ഒരാള്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ നിന്ന് 16 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങളാണ് ഈ വര്‍ഷം ഓര്‍ഡര്‍ ചെയ്തത്.
ബെംഗളൂരുവില്‍ തന്നെയുള്ള മറ്റൊരു സ്വിഗ്ഗി ഉപഭോക്താവ് ദീപാവലി സമയത്ത് 75,378 രൂപ വിലയുള്ള ഒറ്റ ഓര്‍ഡര്‍ നല്കി. പൂനെയില്‍ നിന്നുള്ള മറ്റൊരു ഉപയോക്താവ് 71,229 രൂപ വിലയുള്ള ബര്‍ഗറുകളും ഫ്രൈകളുമാണ് ഒറ്റയടിക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ ഉപയോക്താക്കള്‍ ഭക്ഷണ രുചിയില്‍ പരീക്ഷണം നടത്തിയതായിട്ടാണ് സ്വിഗ്ഗി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.






